തിരുവനന്തപുരം: അഞ്ച് വർഷത്തേക്ക് കോർപ്പറേഷൻ ഭരണസമിതിക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്ന് തിരുവനന്തപുരം മേയർ വിവി രാജേഷ്. 2047-വരെ കോർപ്പറേഷനിൽ ബിജെപി ഭരണം തുടരാനുള്ള സാധ്യതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻപേ നിശ്ചയിച്ചപ്രകാരം ഈ മാസം 29-ന് കൗൺസിൽ നടക്കും. കൗൺസിലിനുള്ള അജൻഡ നിശ്ചയിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നാൽ നേരിടും. കൗൺസിലർമാർ രണ്ടാമതും സത്യപ്രതിജ്ഞ നടത്തിയത് അറിയിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്. കളക്ടർ, തിരഞ്ഞെടുപ്പ് കമ്മിഷൻ, കൗൺസിലർമാർ തുടങ്ങി എല്ലാവരേയും രേഖാമൂലം അറിയിച്ചിരുന്നു. കൗൺസിലർ സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണസമിതിക്കെതിരേയുള്ള പൊതുതാത്പര്യ ഹർജികളെയെല്ലാം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനകളെല്ലാം കോമഡിയായി മാറുകയാണെന്ന് മേയർ വി.വി. രാജേഷ്. ഇക്കാര്യം ജനങ്ങൾക്കും ബോധ്യമുണ്ട്. ശിവൻകുട്ടിയുടെ ഒരു പ്രസ്താവനകളോടും ഇനി പ്രതികരിക്കാനില്ലെന്നും വി.വി. രാജേഷ് പറഞ്ഞു. കോർപ്പറേഷനിൽ മാലിന്യ സംസ്കരണം നടക്കുന്നില്ലെന്നും രോഗസാധ്യതകൾ കൂടുതലാണെന്നുമുള്ള മന്ത്രി കെ. മുരളീധരന്റെ വാദത്തോടും പ്രതികരിക്കാനില്ലെന്നും മേയർ പറഞ്ഞു.
