തൃശൂര്‍: വിയ്യൂര്‍ ജയിലിന് മുകളില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ കണ്ടത് ഡ്രോണ്‍ അല്ലെന്നും വിമാനമാണെന്നും പൊലീസ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വളരെ താഴ്ന്നു പറന്ന വിമാനമാണിതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് വിയ്യൂര്‍ ജയിലിനു മുകളില്‍ വലിയ ഡ്രോണ്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വസ്തു കണ്ടത്. വീണ്ടും പുലര്‍ച്ചെ 3 ന് ശേഷവും ഇത് കണ്ടതോടെ വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷിച്ചിരുന്നു.
വിയ്യൂര്‍ ജയിലിനു മുകളിലൂടെയും പിന്നീട് തൃശൂര്‍ നഗര പ്രദേശത്തും ഇത് താഴ്ന്നു പറന്നിരുന്നു. തലേദിവസം രാത്രിയിലും വിമാനം സമാനപാതയിലൂടെ പോയിരുന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായും കൂടുതല്‍ അന്വേഷണം തുടരുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ ആര്‍ ദേശ്മുഖ് പറഞ്ഞു.
