ന്യൂഡൽഹി ∙ ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി രണ്ട് കൂറ്റൻ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തി. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിനായി കഴിഞ്ഞ മാസം യുഎസ് നൽകിയ താൽക്കാലിക ഇളവ് പ്രയോജനപ്പെടുത്തിയാണ് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ റിഫൈനറികൾ ഇറാനിൽ നിന്നുള്ള ഇറക്കുമതി പുനരാരംഭിച്ചത്. ഇറാൻ പതാക ഘടിപ്പിച്ച ‘ഫെലിസിറ്റി’ സിക്ക തുറമുഖത്തും, കുറക്കാവോ പതാകയുള്ള ‘ജയ’ ഒഡീഷ തുറമുഖത്തും ആണ് എത്തിയത്.
ഒരു കപ്പലിനു 20 ലക്ഷം ബാരൽ എണ്ണ വഹിക്കാൻ ശേഷിയുണ്ട്. യുഎസ് നൽകിയ താൽക്കാലിക ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, യുഎസിന്റെ സമ്മർദത്തെത്തുടർന്ന് 2019 മേയ് മാസത്തിനു ശേഷം ഇറാനിൽ നിന്ന് എണ്ണ വാങ്ങിയിരുന്നില്ല.
