രാമക്ഷേത്ര സംഭാവന തട്ടിപ്പ്: കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറും?

അയോധ്യ: രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസി എത്തിയേക്കും. സാമ്പത്തിക കുറ്റകൃത്യത്തിന്റെ സ്വഭാവമുള്ള കേസായതിനാൽ കൂടുതൽ വ്യാപകമായ അന്വേഷണം ആവശ്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസിക്കോ കേസ് കൈമാറാനുള്ള സാധ്യത ഉത്തർപ്രദേശ് സർക്കാർ പരിശോധിച്ചു വരികയാണ്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കത്തയക്കും.

കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് (SIT) ജൂലൈ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. എസ്ഐടിയുടെ അന്വേഷണം ഫലപ്രദമല്ലെന്നും സാമ്പത്തിക തട്ടിപ്പിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇഡി തന്നെ കേസ് ഏറ്റെടുക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. ഈ സമ്മർദ്ദം കൂടിയായതോടെയാണ് കേസ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കത്ത് ലഭിച്ചാൽ ഉടൻ തന്നെ ഇഡി സംഘം അയോധ്യയിലെത്തും. നിലവിൽ യുപി പൊലീസ് നടത്തുന്ന അന്വേഷണ റിപ്പോർട്ടുകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇഡി ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുക. അതിനിടെ, സംഭാവന തട്ടിപ്പ് കേസില്‍ ട്രസ്റ്റ് മുൻ ജനറല്‍ സെക്രട്ടറി ചമ്പത് റായ്ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി ഫൈസാബാദ് ബാർ അസോസിയേഷൻ ഇന്ന് പൊലീസിനെ സമീപിക്കും.

Leave a Reply

Your email address will not be published. Required fields are marked *