ന്യൂഡൽഹി: ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊണ്ടുള്ള സഹകരണത്തിന് ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ചർച്ചയിൽ ഇന്ത്യയിൽ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനും തീരുമാനിച്ചു.
ഇന്ത്യ-ജപ്പാൻ ബന്ധം സവിശേഷ സാമ്പത്തിക സുരക്ഷ പങ്കാളിത്തമായി ഉയർത്തും. പ്രതിരോധം അടക്കം മേഖലകളിലെ സഹകരണത്തിന് ഇത് വഴിയൊരുക്കും. സമുദ്ര സുരക്ഷയ്ക്കും ഊർജ്ജരംഗത്തെ സഹകരണത്തിനും മുൻഗണന നല്കും. ഊർജ്ജം, വ്യാപാരം, ഔഷധ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, തൊഴിലവസരം തുടങ്ങി നിരവധി മേഖലകളിൽ രണ്ടു രാജ്യങ്ങളും കരാറിൽ ഒപ്പു വച്ചു. ഇന്ത്യയുടെ വികസന കഥയിൽ ജപ്പാൻ പ്രധാനപ്പെട്ട ഏടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മോദിയെ ജ്യേഷ്ഠ സഹോദരനെന്ന് വിഷേഷിപ്പിച്ച സനയ് തകയ്ച്ചി ഇൻഡോ പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയുമായി ചേർന്നു നില്ക്കുമെന്ന് വ്യക്തമാക്കി. രാവിലെ രാഷ്ട്രപതി ഭവനിൽ സനായ് തകയ്ചിക്ക് ഊഷ്മള സ്വീകരണം നൽകി. രണ്ടു രാജ്യങ്ങളിലെയും വ്യവസായികളുടെ യോഗത്തിലും ജാപ്പനീസ് പ്രധാനമന്ത്രി പങ്കെടുത്തു.
