ഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭാവനക്കൊള്ള വിവാദം മുറുകുന്നതിനിടെ അയോധ്യാ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിർണായകയോഗം ചേരുകയാണ്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ രാജി അംഗീകരിച്ചതായി സൂചന. യോഗത്തിൽ ചമ്പത് റായ് പങ്കെടുക്കുന്നില്ല. സംഭാവനാക്കൊള്ളയ്ക്ക് ശേഷമുള്ള ആദ്യ ട്രസ്റ്റ് യോഗമാണ് ഇന്ന് ചേരുന്നത്.
കേസിൽ പ്രതിയായ അവിനാഷ് ശുക്ല 19 ലക്ഷം രൂപ ചെലവഴിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച വിവിധ രൂപത്തിലുള്ള വെള്ളി ഉരുക്കി കട്ടയായി സൂക്ഷിച്ചു വെന്നും ഇതിനായി 20 ലക്ഷം രൂപ ചെലവായി എന്ന ട്രസ്റ്റിന്റെ വാദവും അന്വേഷണസംഘം പരിശോധിക്കുകയാണ്. സംഭാവനയായി ലഭിച്ച അഞ്ച് കോടി രൂപ മൂല്യമുള്ള രാമചരിതമാനസ് നഷ്ടമായെന്ന റിപ്പോർട്ടുകൾ ട്രസ്റ്റ് തള്ളി.
കഴിഞ്ഞദിവസം അന്വേഷണസംഘം ജയിലിൽ എത്തി 5 പ്രതികളെ ചോദ്യം ചെയ്തിരുന്നു. ചമ്പത്ത് റായുടെ വിശ്വസ്തൻ ടിന്നു യാദവ് അടക്കമുള്ളവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. സംഭാവന കൊള്ള നടത്തിയതായി അറസ്റ്റിലായ പ്രതി അവിനാഷ് ശുക്ല നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. തട്ടിയെടുത്ത പണം പ്രതികൾ തുല്യമായി വീതിച്ചിരുന്നു എന്നും അവിനാശ് ശുക്ല മൊഴി നൽകിയിരുന്നു.
