രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാ‍ർച്ച് നടത്തി മഹിളാ മോർച്ച; കോലം കത്തിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തി മഹിളാ മോർച്ച. വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധവുമായി മഹിളാ മോർച്ച രം​ഗത്തെത്തിയത്. രാഹുലും സംഘവും സ്ത്രീകളെ ചതിച്ചു, സ്ത്രീകളുടെ അവകാശത്തെ ഇല്ലാതാക്കി പ്രതിപക്ഷം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോ​ഗിച്ച് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് മഹിളാ മോർച്ച പ്രവത്തകർ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു. ഹേമമാലിനി, രേഖ ഗുപ്ത, ബാൻസുരി സ്വരാജ് അടക്കം പ്രമുഖ നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.

വനിതാ സംവരണത്തെ എതിർത്ത പ്രതിപക്ഷം സ്ത്രീശക്തിയെ അപമാനിച്ചെന്നും നാരീശക്തി ഇതിന് പകരം ചോദിക്കുമെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ തെരുവിലും സോഷ്യൽ മീഡിയയിലും ബിജെപി ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളെയും ‘വഞ്ചകർ’ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ബിജെപി ഡൽഹി യൂണിറ്റ് പുറത്തിറക്കി. സ്ത്രീകളുടെ 33 ശതമാനം സംവരണം തടഞ്ഞ വില്ലന്മാരോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. കറുത്ത ബാഡ്ജുകളും കറുത്ത കൊടികളുമായിട്ടാണ് ബിജെപിയുടെ വനിതാ നേതാക്കൾ മാർച്ചിൽ പങ്കെടുത്തത്.

തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി ധനമന്ത്രി നിർമ്മല സീതാരാമനും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. കോൺഗ്രസും ഡിഎംകെയും നയിക്കുന്ന പ്രതിപക്ഷ സഖ്യം തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് പാർലമെന്റിലും നിയമസഭയിലും ലഭിക്കേണ്ടിയിരുന്ന വലിയൊരു അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് അവർ കുറ്റപ്പെടുത്തി. രാഷ്ട്രീയ വിരോധം കാരണം തമിഴ്‌നാടിന്റെ വികസന സാധ്യതകൾ ഇല്ലാതാക്കുകയാണ് സ്റ്റാലിനും രാഹുൽ ഗാന്ധിയും ചെയ്യുന്നതെന്നും മന്ത്രി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *