റിയാദ്: സൗദി അറേബ്യയിൽ പരിസ്ഥിതി സംരക്ഷണത്തിനും ഹരിതവൽക്കരണത്തിനുമായി നടപ്പാക്കുന്ന പദ്ധതികൾ വൻ വിജയത്തിലേക്ക്. രാജ്യത്തെ പ്രമുഖ വന്യജീവി സങ്കേതമായ ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിൽ ഈ വർഷം പൊടിക്കാറ്റിന്റെ ആവൃത്തിയിൽ 76.2 ശതമാനത്തിന്റെ വൻ കുറവ് രേഖപ്പെടുത്തി. പ്രകൃതി സംരക്ഷണത്തിനും സസ്യലതാദികൾ വെച്ചുപിടിപ്പിക്കുന്നതിനും റിസർവ് അധികൃതർ നടത്തിയ നിരന്തര ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി. പ്രകൃതിയെ പഴയപടിയാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ സംയോജിത പരിസ്ഥിതി പരിപാടികളുടെയും സസ്യവൽക്കരണ പദ്ധതികളുടെയും ഫലമായാണ് ഈ മാറ്റം സാധ്യമായത്.
മണൽക്കാറ്റിന്റെ ഒഴുക്ക് കുറയ്ക്കുക, മരുഭൂമി കൃഷിയിലൂടെയും വനവൽക്കരണത്തിലൂടെയും മണ്ണൊലിപ്പ് തടയുക തുടങ്ങിയ പ്രവർത്തനങ്ങൾ മണ്ണിലെ ഈർപ്പം നിലനിർത്താനും പരിസ്ഥിതി വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാനും സഹായിച്ചു. സസ്യലതാദികൾ വളർത്തിയെടുക്കുന്നത് മണ്ണ് ഉറച്ചുനിൽക്കാനും അതുവഴി പൊടിക്കാറ്റുകൾ തടയാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് റിസർവ് അധികൃതർ ചൂണ്ടിക്കാട്ടി. എല്ലാ വർഷവും ജൂലൈ 12-ന് ആചരിക്കുന്ന ‘അന്താരാഷ്ട്ര പൊടിക്കാറ്റ് വിരുദ്ധ ദിന’ത്തോട് അനുബന്ധിച്ചാണ് റിസർവ് ഈ സുപ്രധാന നേട്ടം പുറത്തുവിട്ടത്.
