തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷനടക്കമുള്ള കോൺഗ്രസ് ഭാരവാഹികളുടെ പുനഃസംഘടന അനിശ്ചിതമായി നീളുന്നതിൽ വഴിമുട്ടി യു.ഡി.എഫ്. നല്ല ഭൂരിപക്ഷത്തിൽ അധികാരം കിട്ടിയെന്ന ഒറ്റഘടകം കാരണമാണ് ഇത് പരസ്യമായ തർക്കത്തിലേക്ക് പോകാത്തത്. മുഖ്യമന്ത്രിസ്ഥാനം വി.ഡി. സതീശന് നൽകിയതോടെ പാർട്ടി ചുമതലക്കാരെല്ലാം പലവഴിക്കുപോയ ദുരവസ്ഥയിലാണ് കോൺഗ്രസ്. ലീഗിനുള്ളിലും അമർഷം പുകയുന്നുണ്ട്. മദ്യനികുതി, വിഴിഞ്ഞം ഓഹരി വിൽപ്പന, പി.എം.ശ്രീ. പദ്ധതി എന്നിവയിലെല്ലാം മുന്നണിയിൽ ചർച്ചയും ധാരണയുമുണ്ടാകണമെന്ന് എല്ലാ കക്ഷിനേതാക്കളും പറയുന്നുണ്ട്. മുന്നണിയോഗം വിളിച്ചാലേ ചർച്ചചെയ്യാനാകൂ. യോഗം വിളിക്കണമെങ്കിൽ കെ.പി.സി.സി.ക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. കെ.പി.സി.സി. പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ‘ഡൽഹി മോഡൽ’ നിരീക്ഷകരുടെ പരിശോധനയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പിനു ശേഷംചേർന്ന യോഗത്തിൽ പ്രഖ്യാപിച്ചാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാർ മടങ്ങിയത്. രാഹുൽഗാന്ധിയുടെ സമയം ലഭിച്ചാലേ കെ.പി.സി.സി. അധ്യക്ഷനെസംബന്ധിച്ചുള്ള ചർച്ച തുടങ്ങുമെന്നാണ് നേതാക്കൾ പറയുന്നത്.
നാഥനില്ലാതെ കോൺഗ്രസ്
