കീമോ വിവരങ്ങളുമായി ‘കുബേരൻ’ നായിക ഉമ ശങ്കരി; പ്രാർത്ഥനയോടെ ആരാധകർ

കൊച്ചി: കുബേരൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ഉമ ശങ്കരി തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തന്‍റെ ചികിത്സയുടെ പുതിയ വിവരങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. കീമോ രണ്ടാം റൗണ്ട് നടക്കുകയാണെന്നും എല്ലാ ദിവസം ഒരു തവണ അത് വേണ്ടി വരുന്നുണ്ടെന്നും ഉമ ഇൻസ്റ്റയിൽ കുറിച്ചു. ‘ഭാരമുള്ള ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്, എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങളെ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നിന്നതിന് എന്‍റെ കുടുംബത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ആരാധകർക്കും നന്ദി’ എന്നാണ് ഉമ ശങ്കരിയുടെ വാക്കുകൾ. തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധ നേടിയ ഉമ ശങ്കരി കുബേരൻ സിനിമയ്ക്കുശേഷം വസന്തമല്ലിക, സാഫല്യം, ഈ സ്നേഹതീരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്ന താരം ഏറെ നാളുകൾക്ക് ശേഷമാണ് വ്യക്തിപരമായ ആരോഗ്യവിവരം പങ്കുവെച്ചത്. അപ്രതീക്ഷിതമായാണ് രോഗം ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് നേരത്തെ ഉമ ശങ്കരി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *