ഹാജിമാരുടെ താമസകേന്ദ്രങ്ങൾക്ക് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ടൂറിസം മന്ത്രാലയം

ജിദ്ദ: ഹജ്ജ് സീസണിൽ ഹാജിമാരുടെ താമസകേന്ദ്രങ്ങൾക്ക് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സൗദി ടൂറിസം മന്ത്രാലയം. ശുചിത്വം, സുരക്ഷ, തിരക്ക് നിയന്ത്രണം എന്നിവ പരിഗണിച്ചാണ് നിയന്ത്രണങ്ങൾ. നിയമലംഘനം നടത്തുന്നവർക്ക് പിഴയടക്കമുള്ള ശിക്ഷാനടപടികൾ നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീർഥാടകർക്കായുള്ള താമസകേന്ദ്രങ്ങൾക്കാണ് പുതിയ നിയന്ത്രണങ്ങൾ. ബഹുനില കെട്ടിടങ്ങളിൽ ലിഫ്റ്റ്, ഭിന്നശേഷിക്കാർക്ക് റാംപ് എന്നിവ നിർബന്ധമാണ്. എല്ലാ മുറികളിലും എസി, ഇന്റർനെറ്റ്, കുടിവെള്ളം എന്നിവ ലഭ്യമാക്കണം. തിരക്കേറിയ സമയങ്ങളിൽ നിയന്ത്രിക്കാൻ പ്രത്യേക പ്ലാൻ, ഹറമിലേക്കുള്ള ഗതാഗത മാർഗങ്ങൾ എന്നിവ തയ്യാറാക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്വീകരണ കേന്ദ്രവും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം നമസ്കാര സ്ഥലങ്ങളും ആവശ്യമാണ്. മുറികളുടെ വിസ്തീർണം, കിടക്കകൾ, ലഗേജ് സ്റ്റോറേജ് സൗകര്യം എന്നിവയ്ക്കും മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. ശുചിത്വം, അറ്റകുറ്റപ്പണി, അഗ്നിസുരക്ഷ, ശുചിമുറി സൗകര്യങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ഹജ്ജ് തീർഥാടകർക്ക് സുരക്ഷിതവും ആരോഗ്യകരവും നിലവാരമുള്ളതുമായ താമസസൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാനദണ്ഡങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *