പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം. വഴിപാട് ഉള്‍പ്പെടെ ഡിജിറ്റലാക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായി 17 ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വഴിപാടിന് പുറമേ ഭണ്ഡാരം, മുറി ബുക്കിങ് ഉള്‍പ്പടെ ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘പല ബാങ്കുകളും നിരവധി നിര്‍ദേശങ്ങളുമായി ദേവസ്വം ബോര്‍ഡിനെ സമീപിക്കാറുണ്ട്. ദേവസ്വം ബോര്‍ഡ് സുതാര്യതയുടെയും കാര്യക്ഷമതയുടെയും ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സാങ്കേതികമായ രീതിയിലേക്ക് മാറാനാണ് ശ്രമം. വഴിപാട് ടിക്കറ്റ്, അക്കൗണ്ടിങ് ഉള്‍പ്പെടെ മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് അപ്ഗ്രേഡ് ചെയ്യാനാണ് തീരുമാനം. കാര്‍ബണ്‍ കോപ്പി ഉപയോഗിച്ച് രസീത് എഴുതുന്ന സംവിധാനത്തില്‍ നിന്നും ഡിജിറ്റല്‍ ലോകത്തേക്ക് മാറാനുള്ള ശ്രമത്തിന്റെ ഭാഗമായി 17 ബാങ്കുകളുമായി ചര്‍ച്ച നടത്തി. ഭക്തരുടെ അനുഭവം മികച്ചതാക്കണം, സുതാര്യത ഉണ്ടാകണമെന്നതാണ് അടിസ്ഥാനപരമായ ആവശ്യം’- അദ്ദേഹം പറഞ്ഞു.
‘ബോര്‍ഡുമായി ചര്‍ച്ച ചെയ്തിട്ട് അന്തിമമായ തീരുമാനത്തിലെത്തും. ഡിജിറ്റല്‍ പണമിടപാടില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് നീക്കം. പ്രധാനമായും ഇത് ശബരിമലയില്‍ പരീക്ഷിക്കാനാണ് തീരുമാനം. പൂര്‍ണമായും ഓണ്‍ലൈനനായി മാറാനാണ് ലക്ഷ്യമിടുന്നത്. സാധനസാമഗ്രഹികള്‍ വാങ്ങുന്നത് ഉള്‍പ്പെടെ ഡിജിറ്റലാക്കാനാണ് ശ്രമിക്കുന്നത്. ശബരിമലയില്‍ വിജയകരമായാല്‍ എല്ലാ ക്ഷേത്രങ്ങളിലും വ്യാപിപ്പിക്കണമെന്നാണ് കരുതുന്നത്. ഈ സീസണില്‍ തന്നെ ശബരിമലയില്‍ ഈ സംവിധാനം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തില്‍ മറ്റു ക്ഷേത്രങ്ങളില്‍ കൊണ്ടുവരാനും ആലോചനയുണ്ട്.’- കെ ജയകുമാര്‍ പറഞ്ഞു.
അതേസമയം ശബരിമലയിലെ തന്ത്രി നിയമനത്തിലെ വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ശബരിമല തന്ത്രിയുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് വിവാദമൊന്നുമില്ല. ആരോഗ്യപ്രശ്നമുണ്ടായത് കൊണ്ട് ഇത്തവണത്തെ അഭിമുഖത്തില്‍ ഇരിക്കാനോ തന്ത്രി പദവിയിലിരിക്കാനോ സാധിക്കില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. ആ സ്ഥാനം മകന് നല്‍കണം എന്നാണ് കത്തിലെ ആവശ്യം. കത്ത് തള്ളിക്കളയാന്‍ കഴിയുന്നതല്ലാത്തതിനാല്‍ അത് പരിശോധിച്ചെന്ന് കെ ജയകുമാര്‍ പറഞ്ഞു.
ചിങ്ങ മാസത്തില്‍ പുതിയ തന്ത്രി ഉണ്ടാവണം. സാധാരണ ഗതിയില്‍ ഈ കത്ത് അംഗീകരിച്ചാല്‍ മതി. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സ്പെഷ്യല്‍ കമ്മീഷണർ വഴി ഇക്കാര്യം കോടതിയെ അറിയിക്കണമെന്നാണ് ബോര്‍ഡ് തീരുമാനിച്ചത്. കോടതിയുടെ മുന്നില്‍ നിലവിലിരിക്കുന്ന കേസിലെ കുറ്റാരോപിതനാണ് തന്ത്രി കണ്ഠരര് രാജീവര് എന്നതിനാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താത്തത് അനൗചിത്യമാണെന്ന് ബോര്‍ഡിന് തോന്നി. സാധാരണ ഗതിയില്‍ തന്ത്രിയുടെ മാറ്റം കോടതിയെ അറിയിക്കേണ്ടതില്ല. നിലവിലെ സാഹചര്യത്തില്‍ ബോര്‍ഡ് നടപടി സ്വീകരിച്ചതിന് ശേഷം കോടതി ഇടപെടല്‍ ഉണ്ടാവാതിരിക്കുക എന്ന ഉദ്ദേശത്തിലാണ് ഈ നീക്കം. ഒരു മാസത്തെ സമയത്തിനുള്ളില്‍ കോടതിയുടെ നിര്‍ദേശം വരുമെന്നും അദ്ദേഹം പറഞ്ഞു
