‘4കെയില്‍ റെഡി ആക്കി വച്ചിട്ടുണ്ടെന്ന് ആന്‍റണി പറഞ്ഞു’; നരസിംഹം റീ റിലീസിനെക്കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ്

പഴയ സിനിമകളുടെ റീ റിലീസുകള്‍ ഇന്ന് പുതിയ കാര്യമല്ല. തമിഴിലും ഹിന്ദിയിലുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ട്രെന്‍ഡ് പതിയെ മലയാളത്തിലേക്കും എത്തുകയായിരുന്നു. അങ്ങനെ എത്തിയ പല ചിത്രങ്ങളും തിയറ്ററില്‍ ആളെ കൂട്ടിയിട്ടുണ്ട്. എന്നാല്‍ മറ്റ് ചില ചിത്രങ്ങളാവട്ടെ ഒരു ചലനവും സൃഷ്ടിക്കാതെ പോയിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളില്‍ ഒന്നായ നരസിംഹത്തിന്‍റെ റീ റിലീസ് സാധ്യതയെക്കുറിച്ച് അതിന്‍റെ സംവിധായകന്‍ ഷാജി കൈലാസ് തുറന്നുപറയുകയാണ്.

ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇതേക്കുറിച്ച് പറയുന്നത്. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നരസിംഹം റീ റിലീസ് ചെയ്യേണ്ട. എന്ന് പറഞ്ഞാല്‍ അത് കാണാത്ത മലയാളി ഇല്ലെന്നാണ് എന്‍റെ വിശ്വാസം. എത്രയോ പ്രാവശ്യം ആവര്‍ത്തിച്ച് കണ്ടതാണ് ആളുകള്‍. നരസിംഹം 4 കെയില്‍ ആക്കി വച്ചിട്ടുണ്ട് അവര്‍. അത് റെഡി ആക്കി വച്ചിട്ടുണ്ടെന്ന് ആന്‍റണി പറഞ്ഞു. ഒരു ചാരിറ്റിക്ക് വേണ്ടി ചെയ്യൂ എന്നാണ് ഞാന്‍ ആന്‍റണിയോട് പറഞ്ഞത്. ഉദാഹരണത്തിന് കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി പൈസ ഉണ്ടാക്കണം. നരസിംഹം പ്രീമിയം ടിക്കറ്റുകളില്‍ ഇട്ട് ഫണ്ട് ഉണ്ടാക്കൂ. അല്ലാതെ റിലീസ് ചെയ്യേണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു. കുറച്ച് ആളുകള്‍ക്ക് നന്മയുണ്ടാവട്ടെ. അത് നല്ല കാര്യമാണ് ചേട്ടാ, അങ്ങനെ നോക്കാമെന്ന് ആന്‍റണി പറ‍ഞ്ഞു, ഷാജി കൈലാസിന്‍റെ വാക്കുകള്‍.

മലയാളത്തിലെ കമേഴ്സ്യല്‍ സിനിമകളുടെ ലിസ്റ്റില്‍ തലപ്പൊക്കമുള്ള സിനിമയാണ് 2000 ല്‍ പ്രദര്‍ശനത്തിനെത്തിയ നരസിംഹം. അക്കാലത്തെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം മോഹന്‍ലാലിന്‍റെ മാസ് ചിത്രങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നുമാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ എത്തിയ ആദ്യ ചിത്രവുമാണ് നരസിംഹം. ഷാജി കൈലാസിനും മോഹന്‍ലാലിനുമൊപ്പം നിരവധി ഹിറ്റുകള്‍ക്ക് തിരക്കഥ ഒരുക്കിയ രഞ്ജിത്ത് ആണ് നരഹിംഹത്തിന്‍റെയും രചന നിര്‍വ്വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *