പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതിയായ ചെന്താമരയെ വധശിക്ഷക്ക് വിധിച്ച കോടതി വിധിയിൽ സുപ്രധാന നിരീക്ഷണങ്ങൾ. കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുന്നുവെന്നും ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുന്നുവെന്നും കേസിന്റെ പശ്ചാത്തലത്തിൽ കോടതി നിരീക്ഷിച്ചു. കേരളത്തിൽ ക്രൂരമായ കൊലപാതകങ്ങൾ നടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ സുധാകരന്റെ ബന്ധുക്കൾ കുട്ടികൾക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നഷ്ട പരിഹാരം കിട്ടിക്കഴിഞ്ഞാൽ ആശ്വാസമാണെന്നും നാട്ടിലേക്ക് പോകുന്നില്ലെന്നും കുട്ടികൾ പറഞ്ഞു. അച്ഛൻ്റെ ഓർമകൾ കൂടെയുണ്ടെന്നും സഹായിച്ച എല്ലാവർക്കും കോടതിക്കും നന്ദിയെന്നും മക്കൾ പറഞ്ഞു.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി വ്യക്തമാക്കി. മാനസാന്തരപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്നും കുറ്റകൃത്യത്തിന് ശേഷം പ്രതി വിഷം കഴിച്ചു എന്ന പ്രതിഭാഗത്തിന്റെ വാദത്തിന് തെളിവില്ലെന്നും പ്രതിക്ക് മാനസികമായ തകരാറുകളില്ലെന്നും കോടതി വ്യക്തമാക്കി. കൊലക്കുറ്റം തെളിഞ്ഞതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകുന്നു. വഴി തടഞ്ഞു നിർത്തിയതിന് ഒരു മാസത്തെ ജയിൽവാസവും വിധിച്ചു. കൊലപാതകം പ്രതി തുടർച്ചയായി ന്യായീകരിച്ചു. പ്രതി കൊലപാതകത്തിന് വ്യക്തമായ പദ്ധതിയിട്ടിരുന്നു. 20 ലക്ഷം രൂപ പ്രതി പിഴ അടക്കണമെന്നും പ്രതിയുടെ വീട് ഭാര്യയുടെ പേരിൽ ആയതിനാൽ പിഴ തുക നൽകാൻ സർക്കാർ സഹായം നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് സംരക്ഷണം ഒരുക്കണം.
പ്രതി പരോളിൽ ഇറങ്ങാൻ സാധ്യതയുണ്ടെങ്കിൽ സാക്ഷികൾക്കും ഇരകൾക്കും സുരക്ഷ ഉറപ്പാക്കണമെന്നും 58 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച പൊലീസിന് അഭിനന്ദനങ്ങളെന്നും കോടതി പറഞ്ഞു. അതേസമയം, ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു. ആയുധത്തിൽ നിന്ന് പ്രതിയുടെ രക്തസാമ്പിൾ കണ്ടെടുത്തു. എന്നാൽ പ്രതിയുടെ ശരീരത്തിൽ നിന്ന് ഒരു മുറിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും തെളിവുകളുടെ ഇഴകീറിയുള്ള പരിശോധന നടന്നില്ലെന്നും പ്രതിഭാഗം പറഞ്ഞു.
