ഡൽഹി: സിജെപിയുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. ധർമേന്ദ്ര പ്രധാൻ്റെ രാജിക്കുള്ള നിർദേശം ഉടൻ അംഗീകരിക്കാനാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം, സിജെപി ഉന്നയിച്ച മറ്റ് രണ്ട് ആവശ്യങ്ങൾ ചർച്ചയിലാണ്. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് ഇന്നലെ എത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. യുവ രോഷത്തിന്റെ തെളിവാണിതെന്നാണ് പ്രതിപക്ഷം പറയുന്നത്. സിജെപി സമരത്തിനെതിരെ പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതേസമയം, ഇന്നലെ നടന്നത് അരാജകത്വത്തിലൂടെ സർക്കാരിനെ വീഴ്ത്താനുള്ള ശ്രമമാണെന്നാണ് ബിജെപിയുടെ നിലപാട്.
ജനങ്ങളുടെ പിന്തുണയില്ലാത്തപ്പോൾ തെരുവിൽ അക്രമത്തിലൂടെ ലക്ഷ്യം നേടാൻ ശ്രമമെന്നും നരേന്ദ്ര മോദിക്ക് ജനപിന്തുണ കൂടുകയേ ഉള്ളൂ എന്ന് ബിജെപി പറയുന്നു. എന്നാൽ, ഇന്നലത്തെ ഇരട്ടി ആളുകൾ ഡൽഹിയിൽ എത്തുമെന്ന് സിജെപി നേതാവ് അശുതോഷ് രാൻക മുന്നറിയിപ്പ് നൽകി. പ്രധാന്റെ രാജി വരെ പ്രതിഷേധം തുടരുമെന്നും ആവശ്യങ്ങളോട് ഇതു വരെ സർക്കാർ പ്രതികരിച്ചില്ലെന്ന് രാൻക പറഞ്ഞു.
