‘കള്ളന്‍ വിജയന്‍’ ഫീച്ചര്‍ ഫേസ്ബുക്കിൽ പങ്കുവെച്ച് ലേഖകന്‍ ടി. സി രാജേഷ്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ ചര്‍ച്ചയായ ‘കള്ളന്‍ വിജയന്‍’ എന്ന ഫീച്ചര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ലേഖകന്‍ ടി. സി രാജേഷ്. തലക്കെട്ടിൽ വന്ന ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് ടി.സി. രാജേഷ് ലേഖനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ. എന്ന തലക്കെട്ടോടെയാണ് ലേഖനം. തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു ടി സി രാജേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

നാടകവേദിയിലെ ‘കള്ളന്‍’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയന് ‘കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന മേല്‍വിലാസത്തില്‍ അയക്കുന്ന കത്തുകള്‍ പോലും കൃത്യമായി ലഭിക്കാറുണ്ടെന്ന പശ്ചാത്തലത്തിലായിരുന്നു ലേഖനത്തിന് ഈ തലക്കെട്ട് നല്‍കിയതെന്ന് രാജേഷ് പറയുന്നു. എന്നാല്‍ തലക്കെട്ട് വിവാദമായതാണ് ഫീച്ചര്‍ പുറത്തിറങ്ങാതിരിക്കാന്‍ കാരണം. വിജയന്റെ മൂന്നര പതിറ്റണ്ടിലധികം നീണ്ട നാടക ജീവിതവും അദ്ദേഹം സഞ്ചരിച്ച വഴികളുമാണ് ഫീച്ചറിന്റെ ഉള്ളടക്കം. വി എസ് അനുസ്മരണ ലേഖനത്തോടൊപ്പമായിരുന്നു ഫീച്ചറും പുറത്തിറങ്ങേണ്ടിയിരുന്നത്.

ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ടതാണ് വാരാന്തപ്പതിപ്പ്. എന്നാല്‍ കഴിഞ്ഞ ഞാറാഴ്ച വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. അച്ചടിച്ച ശേഷമായിരുന്നു വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വി എസ് അച്യുതാനന്ദന്റെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട ലേഖനമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നു. ഇതോടെ വാരാന്തപ്പതിപ്പില്‍ ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടോടെ അച്ചടിച്ച ലേഖനമാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് ദേശാഭിമാനി വിശദീകരിച്ചിരുന്നു. അനൗദ്യോഗികമായിട്ടായിരുന്നു വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *