തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണ വിവാദത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ.മുരളീധരൻ. യുഡിഎഫ് സർക്കാരിനെതിരെ വ്യാജ നിർമിതികൾ ഉണ്ടാക്കുകയാണെന്നും ആടിനെ പട്ടിയാക്കുന്നത് പിണറായി വിജയൻ അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നും മറുപടി.
‘പൊതിച്ചോറ് നിരോധിക്കുന്നു, പാവങ്ങളുടെ അന്നത്തിൽ മണ്ണുവാരിയിടുന്നുവെന്ന നിങ്ങളുടെ കരച്ചിലിന് കാരണം ആശുപത്രികളുടെ ഭൂമി കൈയ്യേറുന്ന മാഫിയകൾക്ക് വേണ്ടിയാണെന്ന് വിനയപൂർവം ഓർമ്മിപ്പിക്കട്ടെ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും മുന്നോട്ട് പോകാൻ കഴിയാത്തതിന്റെ കാരണം അന്നത്തെ മുഖ്യമന്ത്രി ബോധപൂർവം മറന്നതാണോ അതോ അന്നത്തെ വകുപ്പ് മന്ത്രിയും പാർട്ടിക്കാരും അങ്ങയിൽ നിന്ന് മറച്ചുവച്ചതാണോ?’- മുരളീധരൻ ചോദിച്ചു.
‘ഭക്ഷണം കൊടുക്കുന്നതിന്റെ പേരിൽ സേവാഭാരതി കൈയ്യേറിയിരിക്കുന്ന സ്ഥലം ഒഴിപ്പിക്കാനും ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാനും എന്തേ നിങ്ങൾക്ക് കഴിയാതെ പോയത്. ഒഴിപ്പിച്ചാൽ ബി.ജെ.പിക്കാരുടെ അപ്രീതിയുണ്ടാകുമെന്ന ഭയമാണോ അതോ മെഡിക്കൽ കോളേജിലെ ഫുഡ്പാത്ത് കൈയ്യേറി ലക്ഷങ്ങൾ മുടക്കി ഡി.വൈ.എഫ്.ഐ പണിത പന്തലും പൊളിക്കേണ്ടി വരുമെന്ന് കരുതിയാണോ?’ എന്നും മന്ത്രി പോസ്റ്റിൽ ചോദിച്ചു.
