മൂന്നാര്‍: ഇടുക്കി ജില്ലയിൽ കനത്ത ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍. മൂന്നാറിലെ സ്ഥിതി അപകടകരമാണെന്ന് യു വി ഇന്‍ഡക്സ് എട്ടില്‍ എത്തിയതായും കളക്ടര്‍ പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറയ്ക്കണം. നേരിട്ട് വെയില് കൊള്ളരുത്. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കാന് ടൂറിസം വകുപ്പിനും ഡിറ്റിപിസിക്കും നിര്‍ദേശം നല്‍കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അന്തരീക്ഷത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്നതാണ് യു വി ഇന്‍ഡക്സ്. പൂജ്യം മുതല്‍ പതിനൊന്നിന് മുകളിലേക്കാണ് ഇത് രേഖപ്പെടുത്തുന്നത്. അള്‍ട്രാവയലറ്റ് സൂചിക പൂജ്യം മുതല്‍ അഞ്ച് വരെ മനുഷ്യന് ഹാനികരമല്ലാത്ത അളവാണ്. ഇത് ആറ് മുതല്‍ ഏഴ് വരെ എത്തുമ്പോള്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കും. എട്ട് മുതല്‍ പത്ത് വരെ എത്തുമ്പോള്‍ ഓറഞ്ച് അലേര്‍ട്ടും പതിനൊന്നിന് മുകളില്‍ റെഡ് അലേര്‍ട്ടുമാണ് പ്രഖ്യാപിക്കുക.
യുവിഎ, യുവിബി, യുവിസി എന്നിങ്ങനെ യു വി ലൈറ്റിനെ പ്രധാനമായും മൂന്നായി തരംതിരിക്കാം. 315 മുതല്‍ 399 നാനോമീറ്റര്‍ വരെ തരംഗ ദൈര്‍ഘ്യമുള്ള രശ്മികളാണ് യുവിഎ. 280 മുതല്‍ 314 നാനോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ളതാണ് യുവിബി കിരണങ്ങള്‍. സണ്‍ബേണ്‍, സണ്‍ടാന്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നത് യുവിബി കിരണങ്ങളാണ്. 100 മുതല്‍ 279 നാനോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ളവയാണ് യുവിസി കിരണങ്ങള്‍. ഓസോണ്‍ പാളിയും വായുമണ്ഡലങ്ങളും കടന്ന് ഭൂമിയിലെത്തുന്ന ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മ്മിക്കാന്‍ സഹായകരമാണെങ്കിലും അധികമായാല്‍ മാരകമാകും.
