റിയാദ്: വേനൽക്കാല അവധിക്കാലത്ത് സ്വിമ്മിങ് പൂളുകളിലും വിശ്രമകേന്ദ്രങ്ങളിലും ജനത്തിരക്കേറുമ്പോൾ കുട്ടികൾ മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ. കുട്ടികൾ മുങ്ങിപ്പോകാനുള്ള പ്രധാന കാരണം മുതിർന്നവരുടെ ശ്രദ്ധക്കുറവാണ്. ശ്വാസകോശത്തിലും വായിലും വെള്ളം കയറുന്നതോടെ കുട്ടികൾക്ക് ശബ്ദമുണ്ടാക്കാൻ കഴിയില്ല. തല വെള്ളത്തിന് മുകളിലേക്ക് കൊണ്ടുവരാനുള്ള ചെറിയ കൈയനക്കങ്ങൾ മാത്രമേ പലപ്പോഴും കാണാനാകൂ. കൃത്യമായ നിരീക്ഷണവും ബോധവൽക്കരണവും ഉണ്ടെങ്കിൽ ഇത്തരം ദുരന്തങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാവുന്നതാണെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു.
കുളങ്ങൾക്ക് ചുറ്റും സുരക്ഷാ വേലികൾ ഇല്ലാത്തതും വാതിലുകൾ തുറന്നിടുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. അപകടസമയത്ത് നിലവിളിക്കുകയോ സഹായം ചോദിക്കുകയോ ചെയ്യില്ല. അപകടം തികച്ചും നിശബ്ദമായാവും സംഭവിക്കുക. കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത ശേഷമുള്ള ആദ്യത്തെ അഞ്ച് മിനിറ്റുകൾ ജീവൻ രക്ഷിക്കുന്നതിലും ഭാവിയിലെ ആരോഗ്യപ്രശ്നങ്ങൾ കുറക്കുന്നതിലും അതീവ നിർണായകമാണ്. കുട്ടിയെ ഉടൻ തന്നെ വെള്ളത്തിൽ നിന്ന് കരക്കെത്തിച്ച് വലതുവശം ചരിത്തി കിടത്തുക. കുട്ടിയുടെ ബോധം, ശ്വാസോച്ഛ്വാസം, പൾസ് എന്നിവ വേഗത്തിൽ പരിശോധിക്കുക. പ്രതികരണമില്ലെങ്കിലോ ശ്വാസമെടുക്കുന്നില്ലെങ്കിലോ, മെഡിക്കൽ സംഘം എത്തുന്നതുവരെ ഉടനടി സി.പി.ആർ ആരംഭിക്കുക.
