സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശനത്തിന് കൊണ്ടുവരുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ്

ദുബൈ: ദുബൈയിലേക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശനത്തിന് കൊണ്ടുവരുന്നവർക്ക് സമ്മാനം. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. 3000 ദിർഹമിന്റെ ഹോട്ടൽ താമസം ഉൾപ്പെടെ സമ്മാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ലഭിക്കുക.’എ ദുബൈ ഇൻവൈറ്റ്’ എന്ന പേരിലാണ് ഈ സമ്മാനപദ്ധതി. ഈമാസം 20 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ദുബൈയിലേക്ക് സന്ദർശകവിസയിൽ കൊണ്ടുവരുന്നവർക്കാണ് സമ്മാനം. യുഎഇയിൽ റെസിഡന്റ് വിസയുള്ള പ്രവാസികൾക്കും യുഎഇ സ്വദേശികൾക്കും ഈ പദ്ധതിയുടെ ഭാഗമായി ബന്ധുക്കളെയും സുഹൃത്തുക്കളേയും ദുബൈയിലേക്ക് കൊണ്ടുവരാം. ഇവർ ദുബൈയിൽ എത്തുന്നതിന് മുന്നോടിയായി visitdubai.com എന്ന സൈറ്റിൽ സന്ദർശകവിസയിൽ വരുന്നവരുടെ വിവരങ്ങളും, അപേക്ഷ നൽകുന്നവരുടെ എമിറേറ്റ്‌സ് ഐ.ഡി. വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്ത് സമ്മാനത്തിന് നോമിനേറ്റ് ചെയ്യണം. നോമിനേറ്റ് ചെയ്ത സന്ദർശകർ ദുബൈയിൽ എത്തുന്നതോടെ അപേക്ഷകർ സമ്മാനത്തിന് യോഗ്യതനേടും.

3000 ദിർഹം വരെ മൂല്യമുള്ള സമ്മാനത്തിന്റെ വൗച്ചർ ഇമെയിൽ വഴി അപേക്ഷകന് ലഭിക്കും. ഒരേ സന്ദർശകനെ രണ്ടുപേർക്ക് നിർദേശിക്കാൻ കഴിയില്ല. വരുന്നയാൾ യുഎഇയിൽ റെസിഡന്റ് വിസയുള്ള ആളാകരുത്. സന്ദർശക വിസയിലോ, ഓൺ അറൈവൽ വിസയിലോ വരുന്നവരായിക്കണം എന്നീ നിബന്ധനകളുണ്ട്. ഈമാസം 20 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ഇവർക്ക് റോഡ് വഴിയോ, കപ്പൽമാർഗമോ, വിമാനം വഴിയോ ദുബൈയിലേക്ക് വരാം. ആഗസ്റ്റ് മുതലാണ് യോഗ്യരായവർക്ക് സമ്മാനം ഇമെയിൽ വഴി വിതരണം ചെയ്യുക. സമ്മാനകൂപ്പണുകൾക്ക് ഡിസംബർ 31 വരെ കാലാവധിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *