രാഹുൽ ഗാന്ധി വിദ്യാർഥികളെ ചൂഷണം ചെയ്യുന്നു; പ്രതികരണവുമായി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിട്ടും രാഹുൽ ​ഗാന്ധി രാഷ്ട്രീയ നാടകം കളിക്കുന്നു. വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. പാർലമെന്റിൽ മനഃപൂർവം തടസം സൃഷ്ടിക്കുന്നു. പൊതുജനത്തെ ബുദ്ധിമുട്ടിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധമെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.

വിദ്യാർഥികളുടെ പ്രശ്നത്തിന് പരിഹാരം കാണാനല്ല, തലക്കെട്ടിൽ ഇടംപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സഭയിൽ നീറ്റ് ഉൾപ്പടെ യുവത്വത്തിൻ്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറാണ്. വിദ്യാർഥികളെ രാഷ്ട്രീയം കളിക്കാനുള്ള കാഴ്ചവസ്തുക്കൾ ആക്കരുതെന്നും ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടു.

അതിനിടെ, ജന്തർ മന്ദറിലെ കോക്രോച്ച് ജനതാ പാർട്ടി സമരം 32-ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും കണ്ടു. ഇനി സർക്കാരുമായി മുന്നോട്ട് പോയി ചർച്ചകൾക്കില്ലെന്നും, ചർച്ച വേണമെന്നുള്ളവർ സമരപ്പന്തലിലേക്ക് വരണമെന്നും വിജയ് മന്ദറിലെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *