‘ഇഷാൻ കിഷന്റെ വരവോടെ ഞാൻ പിന്തള്ളപ്പെട്ടു’; ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ടതിനെക്കുറിച്ച് സഞ്ജു

മുംബൈ: 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അവസരം നഷ്ടപ്പെടാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനവും, തുടർന്ന് ടീമിലെത്തിയ ഇഷാൻ കിഷന്റെ തകർപ്പൻ ഫോമും തന്റെ ലോകകപ്പ് പ്രതീക്ഷകളെ എങ്ങനെ ബാധിച്ചുവെന്ന് താരം വിവരിച്ചു.

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 24, 6, 6, 10, 0 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകൾ. ഈ ഘട്ടത്തിൽ ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ മികച്ച പ്രകടനം പുറത്തെടുത്തതോടെ താൻ പിന്തള്ളപ്പെട്ടതായി മനസിലായെന്ന് സഞ്ജു പറഞ്ഞു. ”അതിന് ശേഷം ഇഷാൻ വന്നു, അദ്ദേഹത്തിന്റെ കഥ തീർത്തും വ്യത്യസ്തമായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ ഒറ്റയ്ക്ക് ജയിപ്പിച്ചാണ് അദ്ദേഹം ഇന്ത്യൻ ടീമിലെത്തിയത്. അവിടെ അദ്ദേഹം വേറൊരു ലെവലിലാണ് ബാറ്റ് ചെയ്തത്. ഇഷാൻ എനിക്ക് മുകളിലേക്ക് ഉയർന്നുവരുന്നത് എനിക്ക് വ്യക്തമായി കാണാൻ കഴിയുമായിരുന്നു.” സഞ്ജു പറഞ്ഞു. ഫോമിലുള്ള ഒരു താരത്തെയാണ് ആ സമയത്ത് ആവശ്യതുമുള്ളൂവെന്നും, തന്റെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചതായി അപ്പോൾ മനസ്സിലായെന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *