കോഴിക്കോട്: നിപ ആശങ്കകൾക്ക് താൽക്കാലിക ആശ്വാസമേകി പുതിയ പരിശോധനാ റിപ്പോർട്ടുകൾ. എല്ലാ റിപ്പോർട്ടുകളും നെഗറ്റീവാണ്. ഇതോടെ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം ആര്‍ക്കും പകർച്ച ഉണ്ടായിട്ടില്ലെന്ന് ഉറപ്പായി. സംസ്ഥാനത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് അയച്ച എട്ടുപേരുടെ സ്രവപരിശോധനാ ഫലമാണ് ഞായറാഴ്ച പുറത്തുവന്നത്. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെയും പരിശോധനാ ഫലം നെഗറ്റീവെന്ന് സ്ഥിരീകരിച്ചിരിക്കപ്പെട്ടു.
ആരോഗ്യമന്ത്രി കെ മുരളീധരന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിൽ അടിയന്തര അവലോകനയോഗം ചേരുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. നിപ ബാധിതനായ രോഗി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. സംസ്ഥാന സർക്കാരിന്റെയും ഐസിഎംആറിന്റെയും കർശന മാനദണ്ഡങ്ങൾ പാലിച്ചുള്ള വിദഗ്ദ്ധ ചികിത്സയാണ് ഇദ്ദേഹത്തിന് നൽകുന്നത്.
രോഗബാധയുടെ പ്രാരംഭ ഘട്ടം മുതൽക്ക് റിബാവറിൻ എന്ന മരുന്ന് നൽകി വരുന്നുണ്ട്. മോണോക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസ് ജൂൺ 12-ന് രോഗിക്ക് നൽകി. റെംഡിസിവറിന്റെ ആദ്യ ഡോസ് ഞായറാഴ്ച പുലർച്ചെയോടെ നൽകിയിട്ടുണ്ട്.
അതെസമയം ഞായറാഴ്ച കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 3 പേരെക്കൂടി പുതുതായി സമ്പർക്കപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 103 ആയി. ഇതിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്.
വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ പെട്ട 4 പേരാണ് സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നത്. ഉയർന്ന റിസ്‌ക് വിഭാഗത്തിൽ 14 പേർ. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽ 85 പേരും ഉൾപ്പെടെ ആകെ 103 പേർ. സമ്പർക്കപ്പട്ടികയിലുള്ളവരെ ജില്ലാ നിപ കൺട്രോൾ സെല്ലിൽ നിന്നും പ്രാദേശിക ആരോഗ്യപ്രവർത്തകരും ദിവസവും രണ്ടുനേരം ഫോണിൽ ബന്ധപ്പെട്ട് ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്. ഐസൊലേഷനിൽ കഴിയുന്നവരുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 93 പേർക്ക് കൗൺസിലിങ്ങും നൽകിയിട്ടുണ്ട്.
