തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം. പിണറായി വിജയന്റെ മകൾ ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡൽഹിയിലെ ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇ.ഡി ഓഫീസാണ് റിപ്പോർട്ട് നൽകിയത്.
എക്സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണം നൽകിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സിഎംആർഎൽ എം.ഡി എസ്.എൻ ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് നൽകിയ മൊഴിയുടെ വിവരങ്ങളും പുറത്തുവന്നു. എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് സേവനങ്ങളൊന്നും നൽകാതെയായിരുന്നു പണം കൈമാറ്റമെന്നും മൊഴി നൽകി. ഐ.ടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി ലഭിച്ചത് സേവനങ്ങളൊന്നും നൽകാതെയാണെന്ന് വീണ സമ്മതിച്ചതായും ഇ.ഡി റിപ്പോർട്ടിലുണ്ട്.
കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായിയെ ചോദ്യം ചെയ്യുക. ഇല്ലാത്ത ഐ.ടി കൺസൾട്ടൻസിയുടെ പേരിൽ എക്സാലോജിക്കിന് സി.എം.ആർ.എൽ. 1.72 കോടി നൽകിയിട്ടുണ്ടെന്ന് 2019 ജനുവരി 25-ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയെന്നാണ് പറയുന്നത്. ഇതുൾപ്പെടെ വീണയ്ക്കും കമ്പനിക്കും 2.78 കോടി കരാറുകളിലൂടെ നൽകിയെന്നാണ് വിവരം.
