തിരുവനന്തപുരം: സംസ്ഥാനത്ത് താളം തെറ്റി ഡിജിറ്റൽ സർവേ. മൂവായിരിത്തിലേറെ കരാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ 4 മാസമായി ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്ന് പലരും ജോലി നിര്‍ത്തി. പല ജില്ലകളിലും സര്‍വേ മുടങ്ങിയ നിലയിലാണ്. മൂന്ന് മാസം ശമ്പളം കൊടുക്കാതെ ചിലരുടെ കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടുമുണ്ട്. പല ജില്ലകളിലും കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സര്‍വേയര്‍മാരും ഹെല്‍പ്പര്‍മാരും ജോലി ചെയ്യാതെയായി.
ഇതിനിടെ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന കുറേപേരുടെ കരാര്‍ പുതുക്കാത്തതോടെ ആ സ്ഥലങ്ങളിലും സര്‍വേ മുടങ്ങിയിരിക്കുകയാണ്. ജീവനക്കാരില്‍ പലരുടെയും വായ്പാ തിരിച്ചടവുകള്‍ മുടങ്ങി. കുടുംബം പോലും മുന്നോട്ട് പോകാനാവാത്ത സ്ഥിതിയായെന്ന് ജീവനക്കാര്‍ പറയുന്നു. ഇതോടെ പലരും സ്വയം ജോലിയില്‍ നിന്ന് ഒഴിഞ്ഞുപോവുയായിരുന്നു. പണം കിട്ടാനുള്ളവര്‍ ചില ജില്ലകളില്‍ പരസ്യമായ സമരവും തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ ഭൂമി ഡിജിറ്റലായി രേഖപ്പെടുത്താനുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ അഭിമാന പദ്ധതി മറ്റ് പല സംസ്ഥാനങ്ങളും മാതൃകയാക്കിയപ്പോഴാണ് സംസ്ഥാനത്ത് പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലായിരിക്കുന്നത്. ആകെയുള്ള 1666 വില്ലേജുകളില്‍ 242 ഇടത്തെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ ഘട്ടത്തിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നാണ് റവന്യൂ മന്ത്രി എ പി അനില്‍ കുമാര്‍ പ്രതികരിച്ചത്. പദ്ധതിക്ക് പണം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
