ലോകകപ്പിന് ശേഷം മെസി ആദ്യമായി പൊതുവേദിയിൽ

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ നിരാശപ്പെടുത്തുന്ന തോൽവിക്ക് ശേഷം അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസി ആദ്യമായി പൊതുവേദിയിലെത്തി. ഇന്റർ മയാമിയിലേക്ക് മടങ്ങി പോകുന്നതിന് മുന്നോടിയായി സ്വന്തം നാടായ റൊസാരിയോയിൽ കുടുംബത്തിനൊപ്പം സമയം ചെലവിടാനെത്തിയതായിരുന്നു താരം. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത മെസി അമേരിക്കൻ ലോകകപ്പിലും മിന്നും പ്രകടനമാണ് നടത്തിയത്. എട്ട് ഗോളും നാല് അസിസ്റ്റും താരത്തിന്റെ ബൂട്ടിൽ നിന്ന് പിറന്നു. എന്നാൽ ഫൈനലിൽ ലോകകപ്പ് നിലനിർത്തി ചരിത്രമെഴുതാനുള്ള മെസിയുടെ ആ​ഗ്രഹം നടന്നില്ല.

തോൽവിക്ക് ശേഷം മെസി പൊതുവേദിയിൽ നിന്നു പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. ലോകകപ്പിനു ശേഷം കോച്ച് സ്കലോനിക്കും സഹ താരങ്ങൾക്കുമൊപ്പം അർജന്റീനയിലേക്ക് പോകാതെ മെസി കുടുംബവുമായാണ് നാട്ടിലേക്ക് പോയത്. അതിന് ശേഷം ആദ്യമായാണ് ഇപ്പോൾ പൊതുവേദിയിൽ എത്തിയത്. റൊസാരിയോയിലെ പ്രാദേശിക ടീമായ ലിയോണസ് എഫ്സിയുടെ മത്സരം കാണാനാണ് മെസി പൊതുവേദിയിൽ എത്തിയത്. കറുത്ത ഹൂഡി ക്യാപ്പും ധരിച്ച് സ്റ്റേഡിയത്തിലെ ബാൽക്കണിയിൽ ഇരുന്ന് മത്സരം കാണുന്ന മെസിയുടെ ​ദൃശ്യങ്ങൾ അർജന്റീന മാധ്യമം പുറത്തുവിട്ടു.​ ഗാലറിയിലുണ്ടായിരുന്ന ആരാധകർ മെസിയെ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ പേര് ഉറക്കെ വിളിക്കുകയും ചെയ്തു. താരം പുഞ്ചിരിയോടെ ആരാധകർക്ക് നേരേ കൈവീശി അഭിവാദ്യം ചെയ്ത ശേഷം മത്സരം തുടർന്ന് കാണുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേ ദിവസം തന്നെ റൊസാരിയോ തെരുവിലൂടെ മക്കൾക്കൊപ്പം നടന്നു പോകുന്ന മെസിയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *