സൗദിയിൽ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കാൻ പരിശോധന കർശനമാക്കി ഹെറിറ്റേജ് കമ്മീഷൻ

റിയാദ്: സൗദി അറേബ്യയിലെ ചരിത്ര പൈതൃക കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കി ഹെറിറ്റേജ് കമ്മീഷൻ. മൂന്ന് മാസത്തിനിടെ നടത്തിയ ഫീൽഡ് പരിശോധനകളിലായി 55 ലംഘനങ്ങളാണ് കണ്ടെത്തിയത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ പൈതൃക കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം ശക്തമായിരുന്നു. റിയാദ്, ഖസീം, അസീർ, തബൂക്ക്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ബഹ എന്നിവിടങ്ങളിലെ പുരാവസ്തു കേന്ദ്രങ്ങളിൽ നിന്നായി 16 കേസുകളാണ് ഫീൽ‍ഡ് പരിശോധനകളിലായി രജിസ്റ്റർ ചെയ്തത്. അനധികൃതമായി ഖനനം നടത്തുക, പൈതൃക സ്മാരകങ്ങളിൽ മാറ്റങ്ങൾ വരുത്തുക, വിവരഫലകങ്ങളും വേലികളും ഗേറ്റുകളും നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളായിരുന്നു കണ്ടെത്തിയത്. ഇതിന് പുറമെ സമൂഹ മാധ്യമങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ 12 കേസുകളും റിപ്പോർട്ട് ചെയ്തു. അനുമതിയില്ലാതെ പൈതൃക കേന്ദ്രങ്ങളിൽ സർവേ നടത്തുക, പ്രവേശിക്കുക, ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തുക, നിധികളുണ്ടെന്ന അവകാശവാദത്തോടെ നിഗൂഢ ചിഹ്നങ്ങൾ വിശകലനം ചെയ്യുന്ന വീഡിയോകൾ പ്രചരിപ്പിക്കുക തുടങ്ങിയവയ്ക്കാണ് നടപടി.

കൂടാതെ, ആവശ്യമായ ലൈസൻസുകളില്ലാതെ പുരാതന നാണയങ്ങൾ, ലോഹക്കഷണങ്ങൾ, പാത്രങ്ങൾ, കൽശിൽപങ്ങൾ തുടങ്ങിയ പൈതൃക സാമ​ഗ്രികൾ കൈവശം വെക്കുകയും അത് ഡി‍ജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പ്രദർശിപ്പിക്കുകയും വിൽപനക്ക് വെക്കുകയും ചെയ്ത 27 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൈതൃക സ്വത്തുക്കൾക്ക് ഹാനികരമാകുന്ന വിധത്തിലുള്ള ഏതൊരു നിയമലംഘനവും ശ്രദ്ധയിൽപ്പെട്ടാൽ കമ്മീഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ ‘ആർക്കിയോളജിക്കൽ റിപ്പോർട്ട്’ സേവനം വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. കൂടാതെ, 911 എന്ന അടിയന്തര നമ്പറിലും വിവരങ്ങൾ അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *