സംസ്ഥാനത്തെ പൊലീസ് സംവിധാനം; കോൺഗ്രസിൽ അതൃപ്തി

ആലപ്പുഴ: സംസ്ഥാനത്തെ പോലീസ് സംവിധാനത്തിനെതിരേ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇതിനെതിരേ രംഗത്തെത്തി. ജി. സുധാകരൻ എം.എൽ.എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തിക്കൊണ്ടുതന്നെ ഇക്കാര്യമറിയിക്കുകയും ചെയ്തു. നഗരസഭയിൽ ജി. സുധാകരന് സ്വീകരണം നടക്കുമ്പേൾ എൽ.ഡി.എഫ്. നേതൃത്വത്തിൽ പ്രതിഷേധിക്കുമെന്ന് നേരത്തേ വിവരം കിട്ടിയിട്ടും പോലീസ് അറിയിക്കാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് നേതാവ് അരിതാബാബുവിനോട്‌ പോലീസ് അപമര്യാദയായി പെരുമാറി. ഇതുസംബന്ധിച്ച്‌ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അരിതാ ബാബു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഡൽഹിയിലെ വിദ്യാർഥി സമരത്തിനും രാഹുൽഗാന്ധിക്കെതിരേ നടന്ന അതിക്രമത്തിലും പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെ.എസ്.യു. നേതാക്കൾക്കെതിരേയും പോലീസ് മാന്യമായല്ല പെരുമാറിയതെന്ന ആക്ഷേപവുമുണ്ടായി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എൻ.പി. പ്രവീൺ ആഭ്യന്തരമന്ത്രിയെ നേരിട്ടുവിളിച്ച്‌ പരാതി പറയുകയും ചെയ്തിരുന്നു.

യു.ഡി.എഫ് അധികാരത്തിൽ വന്ന് രണ്ടുമാസം കഴിഞ്ഞിട്ടും പോലീസ് സംവിധാനത്തിൽ മാറ്റം വരാത്തതാണ് കോൺഗ്രസ് പ്രവർത്തകരെ അലോസരപ്പെടുത്തുന്നത്. ജില്ല പോലീസ് മേധാവിയെയും ഡിവൈ.എസ്.പിയെയും മാറ്റിയെങ്കിലും സി.ഐ.മാരെയും എസ്.ഐ.മാരെയും മാറ്റിയിട്ടില്ല. ഇതാണ് കോൺഗ്രസ് പ്രവർത്തകർക്കു നീതികിട്ടാത്തതിനു കാരണമെന്നാണ് നേതാക്കൾ പറയുന്നത്. പത്തുവർഷമായി കോൺഗ്രസ് പ്രവർത്തകർ നേരിട്ട അവഗണന മാറാൻ രമേശ് ചെന്നിത്തല കാര്യമായി ഇടപെടണമെന്ന്‌ ഇവർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *