135-ാമത് ഡ്യൂറന്‍ഡ് കപ്പിനുള്ള മുംബൈ എഫ്.സി ടീമില്‍ ഇടംപിടിച്ച് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്. ഷില്ലോങ്ങില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ താരം കളിക്കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. ടീമിനൊപ്പം സജീവമായി പരിശീലനം നടത്തിവരുന്ന ടൈഗര്‍ ഗ്രൂപ്പ് ഇ-യില്‍ ഷില്ലോങ് ലാജോങ് എഫ്സി, നോങ്ക്സെ, ലാങ്സ്നിങ് എഫ്സി എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. ജൂലൈ 30-ന് ടീമിനൊപ്പം യാത്ര തിരിക്കും. മുംബൈ പ്രീമിയര്‍ ലീഗിലൂടെ നേരത്തെ തന്നെ ടൈഗര്‍ ഷ്രോഫ് തന്റെ പ്രൊഫഷണല്‍ ഫുട്ബോള്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
കുട്ടിക്കാലം മുതല്‍ ഫുട്ബോളിനോട് വലിയ താല്പര്യം വെച്ചുപുലര്‍ത്തുന്ന താരം മുമ്പും നിരവധി ചാരിറ്റി മത്സരങ്ങളിലും സെലിബ്രിറ്റി ഫുട്ബോള്‍ ലീഗുകളിലും കളിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ ഉയര്‍ന്ന ഫിറ്റ്നസ് നിലവാരവും കളിയോടുള്ള അഭിനിവേശവും കണക്കിലെടുത്താണ് മുംബൈ എഫ്.സി അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്യുറാന്‍ഡ് കപ്പിലെ പ്രധാന മത്സരങ്ങളില്‍ ടൈഗര്‍ മുംബൈ എഫ്.സിയുടെ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
