മസ്കത്ത്/തെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് താൽക്കാലിക നിർദേശം മുന്നോട്ടുവെച്ച് ഇറാൻ. ഹോർമുസിന്റെ നിയന്ത്രണം ബഹുഭൂരിഭാഗവും ഇറാൻ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള നിർദേശമാണ് മുന്നോട്ടുവെച്ചത്. രണ്ട് ദിവസങ്ങളിലായി തെഹ്റാനിൽ നടന്ന ഇറാൻ, ഒമാൻ മന്ത്രിതല ചർച്ചക്ക് പിന്നാലെയാണ് നിർദേശം മുന്നോട്ടുവെച്ചതെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി ഖാസം ഗരിബാബാദി പറഞ്ഞു. ഹോർമുസിലൂടെയുള്ള യാത്രയുടെ പാതകൾ തുല്യമായി വിഭജിക്കണമെന്ന ഒമാന്റെ ആവശ്യം തള്ളിയാണ് ഇറാന്റെ താൽക്കാലിക നിർദേശം. അതിനിടെ, ഹോർമുസ് അടക്കമുള്ള വിഷയങ്ങൾ ജി.സി.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു. വിഡിയോ കോൺഫറൻസിലൂടെയാണ് ചർച്ച നടത്തിയതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം, കപ്പലുകളുടെയും വ്യാപാരത്തിന്റെയും അവശ്യവസ്തുക്കളുടെയും സുഗമമായ നീക്കം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജിസിസി രാജ്യങ്ങളുടെ ഏകോപനവും കൂടിയാലോചനകളും ശക്തിപ്പെടുത്താനുള്ള വഴികളും യോഗത്തിൽ ചർച്ച ചെയ്തതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോർമുസ് അടക്കമുള്ള വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിലെ പുരോഗതി, സംഘർഷം കുറയ്ക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ എന്നിവയും മന്ത്രിമാർ ചർച്ച ചെയ്തു.
ഹോർമുസിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയായിരിക്കുമെന്ന് വ്യക്തമാക്കുന്ന നിർദേശമാണ് ഇറാൻ ഒമാനിന് മുന്നിൽ വെച്ചത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന്റെ ഒരു ദിശ പൂർണമായും ഇറാൻ സമുദ്രാതിർത്തിയിലൂടെയും, എതിർദിശയിലുള്ള പാതയുടെ ഒരു ഭാഗം ഇറാൻ സമുദ്രാതിർത്തിയിലൂടെയുമായിരിക്കും കടന്നുപോകുകയെന്ന് വിദേശകാര്യ സഹ മന്ത്രി ഖാസം ഗരിബാബാദി ഇറാൻ ഔദ്യോഗിക ടെലിവിഷനോട് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ ഗതാഗത പാതകൾ തുല്യമായി വിഭജിക്കണമെന്നായിരുന്നു ഒമാനിന്റെ നിർദേശം. ഇത് അംഗീകരിക്കാനാകില്ലെന്ന് ഇറാൻ വ്യക്തമാക്കി. ദീർഘകാല പ്രാദേശിക സ്ഥിരത കൈവരിക്കുന്നത് വരെ ഇറാന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ അത്തരമൊരു പദ്ധതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. ഇറാൻ നിർദേശം ഒമാൻ നിരസിച്ചാൽ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒമാന്റെ തീരത്തുകൂടിയുള്ള തെക്കൻ പാതയെ തെഹ്റാൻ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിനിടെ, ഇറാനെതിരായ നാവിക ഉപരോധം അമേരിക്ക ശക്തമാക്കി. 18 കപ്പലുകളെ അമേരിക്കൻ സെൻട്രൽ കമാൻഡ് തിരിച്ചുവിടുകയും രണ്ടെണ്ണത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഹോർമുസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ഇറാൻ തടയുന്നുമുണ്ട്. ഇതോടെ ഹോർമുസിലൂടെ കപ്പൽ ഗതാഗതം നാമമാത്രമായി ചുരുങ്ങി. യമനിലെ ഹൂതികൾ സൗദിക്കെതിരെ ഉപരോധം പ്രഖ്യാപിച്ച ബാബ്- അൽ മന്ദബിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ പുരോഗതിയുണ്ട്. ജൂലൈ 19ന് ശേഷം ഏറ്റവും കൂടുതൽ കപ്പലുകൾ ബാബ്-അൽ മന്ദബിലൂടെ കടന്നുപോയതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 37 കപ്പലുകളാണ് ബാബ് അൽ മന്ദബ് മറികടന്നത്. 20 കപ്പലുകൾ ബാബ് അൽ മന്ദബ് കടലിടുക്ക് മുറിച്ചുകടന്നപ്പോൾ 17 കപ്പലുകൾ കടലിടുക്കിലേക്ക് പ്രവേശിച്ചു.
