കണ്ണൂര്‍: കണ്ണൂർ സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്. കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ ക്രമക്കേടെന്ന കണ്ടെത്തലിനെ തുടർന്ന് ലോക്കൽ സെക്രട്ടറിക്കെതിരെ നടപടിയെടുത്തു. ഇ.രമേശനെ പുറത്താക്കാനുള്ള തീരുമാനത്തിന് എരിയാ കമ്മിറ്റി അംഗീകാരം നൽകി. ഉന്നത നേതാക്കളുടെ അറിവോടെയാണ് ക്രമക്കേട് നടത്തിയതെന്നും ആരോപണമുണ്ട്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിയിൽ മുഖം നന്നാക്കി വരുന്നതിനിടെയാണ് കണ്ണൂർ സിപിഐഎമ്മിൽ വീണ്ടും പുതിയ ഫണ്ട് ക്രമക്കേട് വിവാദത്തിൽ നടപടിയെടുക്കുന്നത്.
കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ നിർമ്മാണത്തിൽ വൻ ക്രമക്കേട് നടന്നുവെന്നാണ് സിപിഐഎമ്മിന്‍റെ കണ്ടെത്തൽ. ഓഫീസ് നിർമ്മാണത്തിനായി പലവിധത്തിൽ ഫണ്ട് സമാഹരിച്ചെങ്കിലും കണക്കിൽ ഉൾപ്പെട്ടില്ലെന്നാണ് വിവരം. ടൗൺ ബാങ്കിലെ പാർട്ടി അംഗങ്ങളും അനുഭാവികളുമായ ജീവനക്കാരിൽ നിന്നും പിരിച്ച ഭീമമായ തുകയും കണക്കിൽ ഉൾപ്പെട്ടിലെന്നും പരാതിയുണ്ട്. ഓഫീസ് നിർമ്മാണത്തിനായി ബംബർ സമ്മാനങ്ങൾ ഉൾപ്പെടുത്തിയുള്ള സമ്മാന പദ്ധതിയിലും തട്ടിപ്പ് നടത്തിയെന്ന് പരാതിയുണ്ട്.
സിപിഐഎം കണ്ണൂർ ഏരിയ സെക്രട്ടറിയുടെ ബന്ധുവായ ലോക്കൽ സെക്രട്ടറി നടത്തിയ ക്രമക്കേടിന് നേതൃത്വം കൂട്ടുനിന്നുവെന്നും വിമർശനം ഉയർന്നു. ഉയർന്ന ആരോപണങ്ങളിലും പരാതികളിലും അന്വേഷണം നടത്തിയതിന് ശേഷമാണ് ലോക്കൽ സെക്രട്ടറിയെ പുറത്താക്കാൻ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി പങ്കെടുത്ത് ചേരുന്ന യോഗത്തിൽ ഏരിയാ കമ്മിറ്റി അംഗം പി.പ്രശാന്തന് ലോക്കൽ സെക്രട്ടറിയുടെ ചുമതല നൽകി.
