ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനെതിരായ 90 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസവും സര്‍വ്വകാല മികച്ച ഓള്‍റൗണ്ടറുമായ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സിന് സമര്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് നായകന്‍ റോസ്റ്റണ്‍ ചേസ്. ജൂലൈ 17-ന് അന്തരിച്ച സോബേഴ്‌സിന്റെ 90-ാം ജന്മദിനം ആഘോഷിക്കേണ്ടിയിരുന്ന ദിനത്തില്‍ തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാനെ 90 റണ്‍സിന് പരാജയപ്പെടുത്തിയത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ന് മുന്നിലെത്താനും ഇതോടെ കരീബിയന്‍ പടയ്ക്കായി. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് റോസ്റ്റണ്‍ ചേസ് ടീമിന്റെ വികാരം പങ്കുവെച്ചത്.
‘ഈ വിജയം ഞങ്ങള്‍ അന്തരിച്ച മഹാനായ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സിന് സമര്‍പ്പിക്കുന്നു. അദ്ദേഹം ഈ കളിയുടെ ഇതിഹാസവും എല്ലാവരുടെയും നായകനുമാണ്. ക്രിക്കറ്റ് മൈതാനത്ത് സാധ്യമായതെല്ലാം അദ്ദേഹം നേടിത്തന്നിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ 90-ാം ജന്മദിനമായിരുന്നു. ഞങ്ങള്‍ വിജയിച്ചതാകട്ടെ കൃത്യം 90 റണ്‍സിനും. ഇത് അദ്ദേഹത്തിനായി വിധി നിശ്ചയിച്ച വിജയം തന്നെയാണ്. അദ്ദേഹം മുകളില്‍ ഇരുന്ന് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും എന്ന് വിശ്വസിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനായി നല്‍കിയ എല്ലാത്തിനും നന്ദി സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്.’-റോസ്റ്റണ്‍ ചേസ് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനായി 93 ടെസ്റ്റുകളില്‍ നിന്ന് 8,032 റണ്‍സും 235 വിക്കറ്റുകളും നേടിയ സോബേഴ്‌സ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്.
വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ വെറും 120 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. വിന്‍ഡീസ് പേസര്‍ ജെയ്ഡന്‍ സീല്‍സ് രണ്ടാം ഇന്നിങ്‌സില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്താന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തു. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പാകിസ്താന്റെ മുന്‍ നായകന്‍ ബാബര്‍ അസം 58 റണ്‍സോടെ പുറത്താകാതെ നിന്നുവെങ്കിലും മറ്റ് ബാറ്റര്‍മാരില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് വിരലിന് പരിക്കേറ്റ് ബുദ്ധിമുട്ടിയതും പാകിസ്താന് തിരിച്ചടിയായി. വിദേശ മണ്ണില്‍ പാകിസ്താന്‍ വഴങ്ങുന്ന തുടര്‍ച്ചയായ എട്ടാമത്തെ ടെസ്റ്റ് തോല്‍വിയാണിത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 2-ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍ ആരംഭിക്കും.
