‘തെറ്റുകളെ ന്യായീകരിച്ച് നമ്മൾ അന്ധരായി മാറുന്നു’; നിലപാട് വ്യക്തമാക്കി ചന്തു സലീം കുമാറിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ്

കൊച്ചി: പ്രശസ്ത നടൻ സലീം കുമാറിന്റെ മകൻ ചന്തു സലീം കുമാറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വലിയ ശ്രദ്ധ നേടുന്നു. “മനുഷ്യർ മനുഷ്യർക്കായി നിലകൊള്ളണം” എന്ന സന്ദേശത്തോടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. കോക്രോച്ച് പാർട്ടി സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാകാം ഈ കുറിപ്പ് പുറത്തുവന്നത്. താൻ കോൺഗ്രസിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് കുറിപ്പിൽ വ്യക്തമാക്കുന്ന ചന്തു സലീം കുമാർ, എന്നാൽ അത് പാർട്ടിക്ക് അടിമപ്പെടാനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ് ഒരു തെറ്റ് ചെയ്യുമ്പോൾ താൻ മിണ്ടാതിരിക്കണമെന്നുണ്ടോ എന്ന് ചോദിക്കുന്ന അദ്ദേഹം ഒരിക്കലും അതിന് തയ്യാറല്ലെന്നും വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയോട് അന്ധമായ അഭിനിവേശം തോന്നുമ്പോൾ നമ്മൾ പൗരന്മാരെപ്പോലെ ചിന്തിക്കുന്നത് അവസാനിപ്പിക്കുകയും അവരെ പ്രതിരോധിക്കാൻ തുടങ്ങുകയും ചെയ്യും. എല്ലാ തെറ്റുകളെയും ന്യായീകരിക്കുകയും മോശം തീരുമാനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ നമ്മൾ പതുക്കെ അന്ധരായി മാറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.

ഇന്ത്യക്കാർ എന്ന നിലയിൽ ലളിതമായ ഒരു കാര്യം നമ്മൾ മറന്നുപോയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മളാണ് രാഷ്ട്രീയക്കാരെ നിയമിച്ചത്, അല്ലാതെ അവർ നമ്മളെയല്ല. രാഷ്ട്രീയക്കാർ ജനസേവകരാണ്, അവർ നമുക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. അല്ലാതെ നമ്മൾ അവർക്ക് വേണ്ടിയല്ല പ്രവർത്തിക്കേണ്ടത്. അവർ ചെയ്യുന്ന ജോലി കൃത്യമാണെങ്കിൽ അവരെ ബഹുമാനിക്കുക, അല്ലാത്തപക്ഷം അവരോട് ചോദ്യങ്ങൾ ചോദിക്കുക, അവരെ നിരസിക്കുക, വോട്ടിലൂടെ പുറത്താക്കുക എന്നും ചന്തു സലീം കുമാർ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *