ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പുതിയ പരിശീലകനായി ന്യൂസിലൻഡ് മുൻ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പരിശീലകനുമായിരുന്ന സ്റ്റീഫൻ ഫ്ലെമിംഗിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ബ്രണ്ടൻ മക്കല്ലത്തിന് പകരക്കാരനായാണ് ഫ്ലെമിംഗ് ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനാകുന്നത്. ഈ മാസമാദ്യമാണ് ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. 2022 മെയിലാണ് മക്കല്ലം ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. വിരമിച്ച ബെന്‍ സ്റ്റോക്സിന് പകരം ജോ റൂട്ടിനെ ടെസ്റ്റ് ടീം നായകനായും വീണ്ടും തെരഞ്ഞെടുത്തു.
പുതിയ കോച്ചിനായുള്ള ചർച്ചകളിൽ മുൻ ഇന്ത്യൻ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ട് താരങ്ങളായ റിച്ചാർഡ് ഡോസൺ, ജോനാഥൻ ട്രോട്ട് എന്നിവരും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഫ്ലെമിംഗിനെ പരിശീലകനാക്കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബറിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെ ഫ്ലെമിങ് ടീമിന്‍റെ പൂർണ്ണ ചുമതലയേറ്റെടുക്കുമെന്നാണ് സൂചന. അതേസമയം, ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പാകിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ മുൻ ഓപ്പണർ മാർക്കസ് ട്രെസ്കോത്തിക് താൽക്കാലിക പരിശീലകന്‍റെ റോൾ കൈകാര്യം ചെയ്യും.
