അബുദാബി : എമിറേറ്റിലെ സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമെല്ലാം ജങ്ക് ഫുഡ് ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള തീരുമാനം അടുത്തവർഷം ജനുവരി ഒന്നുമുതൽ നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഹെൽത്തി ലിവിങ്, അബുദാബി രജിസ്ട്രേഷൻ അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും പ്രവേശന കവാടങ്ങൾ, കാഷ് കൗണ്ടറുകൾ തുടങ്ങി പ്രധാന ഭാഗങ്ങളിൽനിന്ന് കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണപദാർഥങ്ങളും പാനീയങ്ങളും മാറ്റണം.
ഓൺലൈൻ സൂപ്പർമാർക്കറ്റുകളുടെ ഹോംപേജുകൾ, സെർച്ച് റിസൾട്ടുകൾ, ചെക്ക്ഔട്ട് പേജുകൾ, പ്രൊമോഷണൽ പോപ്പ്-അപ്പുകൾ എന്നിവയിലും ഇത്തരം അശാസ്ത്രീയമായ ഭക്ഷണ ഉത്പന്നങ്ങൾ പ്രധാന വസ്തുവായി പ്രദർശിപ്പിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
