വന്ദേഭാരത്തിനെ വെല്ലുമെന്ന് പ്രഖ്യാപിച്ച കെഎസ്ആർടിസി ബസുകൾ ഇപ്പോഴും കട്ടപ്പുറത്ത്

തിരുവനന്തപുരം: കെസ്ആർടിസി വാങ്ങിയ ബിസിനസ് ക്ലാസ് ബസുകള്‍ ഒരു വര്‍ഷമായിട്ടും നിരത്തിലിറങ്ങിയില്ല. വന്ദേഭാരത് ട്രെയിനിനെ വെല്ലുന്ന സൗകര്യങ്ങളും എയർ ഹോസ്റ്റസ് മാതൃകയിൽ ബസ് ഹോസ്റ്റസും ഒക്കെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച വാഹനങ്ങളാണ് കട്ടപ്പുറത്തായത്. കോടികള്‍ മുടക്കി വാങ്ങിയ ബസുകള്‍ നികുതി സംബന്ധിച്ച തർക്കം മൂലം പാപ്പനംകോട്ടെ സെന്‍ട്രൽ വർക്ക്ഷോപ്പിലാണ്.

ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരിക്കെയാണ് നാല് കോടി രൂപ ചെലവിട്ട് ബിസിനസ് ക്ലാസ് ബസുകൾ വാങ്ങിയത്. വന്ദേഭാരതിനെ വെല്ലുവിളിക്കുന്ന ആഡംബര സൗകര്യങ്ങൾ, യാത്രക്കാരുടെ സേവനത്തിന് എയര്‍ ഹോസ്റ്റസ് മാതൃകയിൽ സൗകര്യങ്ങൾ, ഭക്ഷണത്തിന് പാൻട്രി, വ്യക്തിഗത ടിവി, ടോയ്ലറ്റ്, വൈഫൈ, ആഡംബര സീറ്റുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ബിസിനസ് ക്ലാസ് ബസുകളിൽ ഉള്ളത്. രാവിലെ വന്ദേഭാരതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കും അതേ സമയം കൊച്ചിയില്‍ നിന്ന് തിരിച്ചും ആണ് സര്‍വീസ് പ്രഖ്യാപിച്ചത്.

എന്നാൽ, തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്ക്ഷോപ്പിൽ വിശ്രമത്തിലാണ് ഈ രണ്ടു ബസുകളും. നികുതി സംബന്ധിച്ച തര്‍ക്കങ്ങളാണ് ബസുകള്‍ നിരത്തിലിറങ്ങാത്തതിന് കാരണം. ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നികുതി ഇളവ് നല്‍കി ഗതാഗത വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഗതാഗത വകുപ്പിന്‍റെ അനുമതി ഇല്ലാതെയായിരുന്നു നടപടി. ആറ് വര്‍ഷത്തേക്കായിരുന്നു നികുതി ഇളവിൻ്റെ കാലാവധി.

കഴിഞ്ഞ മാര്‍ച്ചിൽ കാലാവധി കഴിഞ്ഞപ്പോള്‍ ഇത് പുതുക്കാൻ ഫയൽ ധനവകുപ്പിലെത്തി. ഇളവ് നല്‍കിയത് തങ്ങളോട് ആലോചിക്കാതെയെന്ന് പറഞ്ഞ് ധനകാര്യ വകുപ്പ് ഉടക്കിട്ടു. തര്‍ക്കം ബിസിനസ് ക്ലാസ് ബസുകളുടെ യാത്രയും മുടക്കി. ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ഒരു വര്‍ഷത്തിലേറെയായി ബസുകള്‍ വെറുതെ കിടക്കുന്നു. തര്‍ക്കമെല്ലാെം തീര്‍ത്ത് ഓണത്തിനെങ്കിലും റോഡിലിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി.

Leave a Reply

Your email address will not be published. Required fields are marked *