പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. മൂഴിയാര്‍ ഡാം തുറന്നു. ഒരു ഷട്ടർ 15 സെന്റിമീറ്റർ വരെ ഉയർത്തി. മൂഴിയാറില്‍ വെള്ളം 190 അടിയായി ഉയര്‍ന്നു. തീരങ്ങളിലുള്ളവർ ജാഗ്രതാ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പത്തനംതിട്ടയില്‍ ആശങ്കാ ജനകമായ അവസ്ഥയാണെന്ന് മന്ത്രി പി. സി വിഷ്ണുനാഥ് പറഞ്ഞു. വീടുകളിലെ ഒന്നാം നിലയില്‍ കഴിയുന്നവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്ന് പി. സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
വീടുകളില്‍ തുടരുന്നത് ആശങ്കാജനകമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളിലേക്ക് മാറാന്‍ അഭിമാന പ്രശ്നമുണ്ടെങ്കില്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറട്ടെ എന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് നിന്നും ആലപ്പുഴയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയില്‍ എത്തിക്കും. തിരുവനന്തപുരത്തുള്ള എന്‍ടിആര്‍എഫിന്റെ ടീമിനോട് കൂടി പത്തനംതിട്ടയില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിഷ്ണുനാഥ് പറഞ്ഞു.
പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്നത് കൊണ്ട് തന്നെ മാമുക്ക് ചെറിയ പാലത്തിന്റെ ഭാഗത്തേക്ക് വെള്ളം കയറുന്നുണ്ട്. പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുകയാണ്. ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്കി. പത്തനംതിട്ടയില്‍ ശബരിമല വനമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ശക്തമായ മഴയാണ്. ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല. റാന്നിയും ആറൻമുളയും കടുത്ത പ്രളയ ഭീഷണിയിലാണ്. പമ്പയുടെ കരകളിൽ ഭീതിദമായ സാഹചര്യം തുടരുകയാണ്. കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു.
