‘സ്ത്രീ സമൂഹത്തെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ല’; പി.രാജീവ്

തിരുവനന്തപുരം: ഗതാഗത മന്ത്രി സി. പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി പി. രാജീവ്. ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണര്‍ത്തി മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതാണ് മന്ത്രി സി.പി ജോണ്‍ കാണിച്ചതെന്ന് വിമര്‍ശിച്ച് കൊണ്ടാണ് പി രാജീവ് പ്രതികരിച്ചത്. കേരള സ്ത്രീ സമൂഹത്തെ ഇതുപോലെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. സ്ത്രീകളോട് അഭിമാനത്തോടെ യാത്ര ചെയ്യാന്‍ പറഞ്ഞിട്ട് ഇന്ന് സ്ത്രീകളെ അധിക്ഷേപിക്കുകയാണെന്നും പ്രിയദര്‍ശിനി പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രണ നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകളെ അധിക്ഷേപിച്ച മന്ത്രി തുടരേണ്ടതുണ്ടോയെന്ന് കേരളം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രിയില്‍ ഫണ്ടിങ് നടത്തിയിട്ടുള്ളവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രതികരണമാണ് സി പി ജോണ്‍ നടത്തിയതെന്നും എല്ലാ മേഖലകളും സ്വകാര്യ മേഖലയ്ക്ക് വിട്ടുനല്‍കാനുള്ള ആസൂത്രിതമായ പദ്ധതി നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുറഞ്ഞ കാലം കൊണ്ട് തന്നെ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സര്‍ക്കാരായി യുഡിഎഫ് മാറിയെന്നും വിമര്‍ശനമുണ്ടായി.
മുഖ്യമന്ത്രി വി ഡി സതീശനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇന്‍വെസ്റ്ററെ കാണാന്‍ മുഖ്യമന്ത്രി രഹസ്യ യാത്ര നടത്തിയെന്നുംമറ്റു മന്ത്രിമാരെ എന്തുകൊണ്ട് മുഖ്യമന്ത്രി കൊണ്ട് പോയില്ലെന്നും അദ്ദേഹം ചോദിച്ചു. ‘ഇന്‍വെസ്റ്റേഴ്‌സ് അപ്പോയിന്‍മെന്റ് ചോദിച്ചാല്‍ ഓഫീസിലെത്തി കാണുകയാണ് പതിവ്. ഒരു നുണ പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ ആയിരം നുണകള്‍ പറയേണ്ടി വരുന്നു. സംഭവത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. ആരെ എവിടെ കണ്ടു എന്നതില്‍ വ്യക്തതയില്ല’; പി രാജീവ് പറഞ്ഞു.

ബസിന് കാശില്ലാത്ത സ്ത്രീകള്‍ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.’

Leave a Reply

Your email address will not be published. Required fields are marked *