വാട്ട്‌സ്ആപ്പ് സേവനം തടസപ്പെട്ടതായി വ്യാപക പരാതി; നിരവധി അക്കൗണ്ടുകൾ താൽക്കാലികമായി റദ്ദ് ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കിടയില്‍ അസാധാരണമായ പ്രതിസന്ധി. മുന്നറിയിപ്പില്ലാതെ യൂസര്‍മാരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നുവെന്നാണ് പരാതി. 24 മണിക്കൂർ നേരത്തേക്ക് മരവിപ്പിക്കുന്നു എന്നാണ് സന്ദേശം. നിരവധി അക്കൗണ്ടുകള്‍ പരിശോധനയ്ക്കായി താല്‍ക്കാലികമായി റദ്ദ് ചെയ്തു. സാങ്കേതിക പ്രശ്‌നമാണ് എന്നാണ് സംശയം. പ്രശ്‌നം പരിഹരിക്കാനുളള ശ്രമത്തിലാണെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടത്. പ്ലാറ്റ്ഫോം സേവന നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി അക്കൗണ്ട് പരിശോധിച്ചുവരികയാണ് എന്നാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശം.

യഥാര്‍ത്ഥ ഉപയോക്താക്കളെ സംരക്ഷിക്കാനും ദുരുപയോഗം തടയാനും തങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണെന്ന് വാട്ട്‌സ്ആപ്പ് വക്താവ് പറഞ്ഞു. ‘വാട്ട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടഞ്ഞ് യഥാര്‍ത്ഥ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാനുളള സൗകര്യമേര്‍പ്പെടുത്തുകയാണ് ലക്ഷ്യം. വ്യാജ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുളള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അതിനിടെ ഉണ്ടാകുന്ന ചെറിയ പിഴവാണ്. അത് എത്രയുംവേഗം പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്,’ വാട്ട്‌സ്ആപ്പ് വക്താവ് പറഞ്ഞു. എത്ര അക്കൗണ്ടുകളെ ഇത് ബാധിച്ചിട്ടുണ്ട് എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഒരു മുന്നറിയിപ്പുമില്ലാതെയാണ് റിവ്യൂ ആരംഭിച്ചതെന്നും പ്ലാറ്റ്‌ഫോമിന്റെ നയങ്ങള്‍ ലംഘിക്കുന്ന തരത്തിലുളള യാതൊരു പ്രവര്‍ത്തനത്തിലും തങ്ങള്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഉപയോക്താക്കള്‍ അവകാശപ്പെട്ടു.

അതേസമയം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ജന്മദിന വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ചില ഉപയോക്താക്കളുടെ ആപ്പുകളില്‍ വയസ് രേഖപ്പെടുത്താനുളള പോപ്പ് അപ്പ് മെസേജുകള്‍ ലഭിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് സമൂഹമാധ്യമ ഉപയോഗത്തിന് പ്രായപരിധി, അല്ലെങ്കില്‍ പ്രായ പരിശോധനാ മാനദണ്ഡങ്ങള്‍ വരാന്‍ പോകുന്നുവെന്ന തരത്തിലുളള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ഐടി മന്ത്രാലയമോ വാട്ട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയോ ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *