മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. അപകടം നടന്ന ദിവസം മുതൽ സതീശൻ തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്നു. സതീശന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു സതീശൻ മുണ്ടത്തിക്കോട്. വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വർഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസൻസിയായിരുന്നു. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ട് ഒരുക്കിയത്. പിതാവ് മണിപാപ്പൻ്റെ പാത പിന്തുടർന്നാണ് സതീശൻ വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീഷ് വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്. വിസ്മയങ്ങൾ കാത്തുവച്ച് പൂരത്തിനായി തയാറെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അതേസമയം, ദുരന്തം നടന്ന സ്ഥലത്ത് ഇന്ന് നടത്തിയ പരിശോധനയിൽ തലയും കൈയ്യും ഉൾപ്പെടെ നിരവധി ശരീര ഭാഗങ്ങൾ ലഭിച്ചു. ഇതും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. കാണാതായ 4 പേരെ കുറിച്ച് മാത്രമാണ് ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *