തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളിലൊക്കെ തിളങ്ങിയിട്ടുള്ള നടനാണ് പി. ശ്രീകുമാര്‍. ബിഗ്സ്ക്രീനില്‍ മാത്രമല്ല ടെലിവിഷന്‍ സ്ക്രീനിലടക്കം തിളങ്ങി നില്‍ക്കുന്ന അദ്ദേഹം 150 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനോടും മമ്മൂട്ടിയോടും അടുത്ത സൗഹൃദം പുലർത്തുന്ന അദ്ദേഹം ഇരുവരെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘മമ്മൂട്ടിയുടെ അടുത്താണോ മോഹന്‍ലാലിന്റെ അടുത്താണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍, അതെനിക്ക് മമ്മൂട്ടിയുടെ അടുത്തല്ലേ വരാന്‍ പാടുള്ളൂ. ആ ചോദ്യം എന്നോട് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
തന്റെ ജീവിതം വഴി തിരിച്ചുവിട്ട ആളാണ് മമ്മൂട്ടി. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും താൻ ഇന്ന് കാണുന്ന നിലയിലെത്താൻ കാരണക്കാരനായത് മമ്മൂട്ടിയാണെന്നും ശ്രീകുമാർ പറഞ്ഞു. തന്നെ സംബന്ധിച്ച് യേശുക്രിസ്തു ജനിച്ചു വന്ന് തലയില്‍ തൊട്ട് അനുഗ്രഹിക്കിക്കുന്നത് പോലെയായിരുന്നു മമ്മൂട്ടി. വേണ്ട സമയത്തൊക്കെ മമ്മൂട്ടി തനിക്ക് സഹായം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ എന്റെ സ്വന്തം അനിയനെ പോലെയാണ്. അയാള്‍ എന്റെ ഒപ്പം നല്ല രീതിയില്‍ സഹകരിക്കുകയും എന്നെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ആളാണ്. ഞാനും മോഹന്‍ലാലും തമ്മില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാന്‍ പോയാല്‍ എനിക്ക് ഇത് വരെയേ പോകാവൂ എന്നൊരു അതിര്‍ത്തിയില്ല. പൂര്‍ണമായും സ്‌നേഹവും സ്വാതന്ത്ര്യവും അദ്ദേഹം തരാറുണ്ടെന്നും ശ്രീകുമാര്‍ പറഞ്ഞു.
