ഫുട്ബോള്‍ കരിയറില്‍ മറ്റൊരു ചരിത്രനേട്ടം കൂടി കുറിച്ച് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തുടര്‍ച്ചയായി 25 പ്രൊഫഷണല്‍ ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ ഫുട്ബോള്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് 41-കാരനായ റൊണാള്‍ഡോ സ്വന്തമാക്കിയത്. സൗദി പ്രോ ലീഗില്‍ അല്‍-റിയാദിനെതിരായ അല്‍-നസ്റിന്റെ മത്സരത്തിലാണ് താരം ഈ ചരിത്രനേട്ടം കൈവരിച്ചത്.2002-03 സീസണില്‍ ഒരു കൗമാരക്കാരനായി സ്പോര്‍ട്ടിംഗ് സി.പിക്കായി ഗോള്‍ അടിച്ചുകൊണ്ടാണ് റൊണാള്‍ഡോ തന്റെ സീനിയര്‍ ഗോളടി കരിയറിന് തുടക്കമിട്ടത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആ ഗോളടി തരംഗം മുടക്കമില്ലാതെ തുടരുന്നു.
അല്‍-റിയാദിനെതിരായ മത്സരത്തില്‍ 62-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ റൊണാള്‍ഡോ, 83-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. അയമന്‍ യഹ്യ നല്കിയ ലോ ക്രോസ് സ്വീകരിച്ച് ബോക്സിനുള്ളില്‍ നിന്ന് ഇടങ്കയ്യന്‍ ഷോട്ടിലൂടെയാണ് താരം ഗോള്‍ വല കുലുക്കിയത്. ഈ ഗോളോടെ തുടര്‍ച്ചയായ 24 ലീഗ് സീസണുകളില്‍ ഗോള്‍ നേടിയ സ്വീഡിഷ് ഇതിഹാസം സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്.ചരിത്ര ഗോളോടെ ക്ലബ്ബിനും രാജ്യത്തിനുമായി റൊണാള്‍ഡോയുടെ ഔദ്യോഗിക ഗോളുകളുടെ എണ്ണം 977 ആയി ഉയര്‍ന്നു. അഞ്ച് ക്ലബ്ബുകള്‍ക്കായും പോര്‍ച്ചുഗല്‍ ദേശീയ ടീമിനായുമാണ് റൊണാള്‍ഡോ ഈ ഗോളുകള്‍ അടിച്ചുകൂട്ടിയത്.
റൊണാള്‍ഡോയുടെ ഈ പ്രകടനത്തിന്റെ മികവില്‍ അല്‍-റിയാദിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ഔദ്യോഗിക ഫുട്ബോളില്‍ 1,000 ഗോളുകള്‍ എന്ന ചരിത്ര നേട്ടത്തിലെത്താന്‍ റൊണാള്‍ഡോയ്ക്ക് ഇനി വെറും 23 ഗോളുകള്‍ കൂടി മാത്രം മതി. അതേസമയം, 2026-27 സീസണ് തന്റെ പ്രൊഫഷണല്‍ കരിയറിലെ അവസാന സീസണായിരിക്കുമെന്ന സൂചന താരം അടുത്തിടെ നല്‍കിയിരുന്നു. അല്‍-നസ്റുമായുള്ള റൊണാള്‍ഡോയുടെ നിലവിലെ കരാര്‍ 2027 ജൂണ്‍ വരെയാണ്.



