തിരുവനന്തപുരം: രാജ്യത്തെ ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായി കേരള ബിജെപിയിലും ഒരുക്കം. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കേരള സന്ദർശനം ഇതിന്റെ ഭാഗമാണ്. അഞ്ചിന് കണ്ണൂരിൽ അദ്ദേഹം പങ്കെടുക്കുന്ന ബലിദാനികളുടെ കുടുംബസംഗമം ഇതിനുള്ള വേദിയാകുമെന്നാണ് വിവരം.
യുവാക്കളെയും വിദ്യാർഥികളെയും സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷാക്രമക്കേട് മുൻനിർത്തി ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ജെൻസീ പ്രക്ഷോഭം വിജയിച്ചതോടെയാണ് പുതുതലമുറയെ ഏതുവിധേനയും കൂടെനിർത്തണമെന്ന് ബിജെപി തീരുമാനിച്ചത്.
ഇതിനുള്ള തന്ത്രം രൂപപ്പെടുത്താൻ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ നേതൃത്വത്തിലുള്ള സമിതിയിൽ സ്മൃതി ഇറാനി, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ അംഗങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 25 വർഷത്തെ ഭരണനേട്ടം ഉൾപ്പെടുത്തി ദേശീയതലത്തിൽ നടത്തുന്ന പ്രചാരണം നയിക്കാനുള്ള ചുമതലയും 40 വയസ്സിന് താഴെയുള്ളവർക്കായിരിക്കും. പാർട്ടി ഐ.ടി സെൽ പുനഃസംഘടിപ്പിച്ചപ്പോഴും യുവാക്കളെ ഉൾപ്പെടുത്തിയിരുന്നു.



