നിവിൻ പോളി – മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിവിൻ പോളിയും മമിത ബൈജുവും തകർത്താടിയ ചിത്രത്തിൽ, സഹതാരങ്ങളുടെ പ്രകടനത്തിനും തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് വിനയ് ഫോർട്ട് അവതരിപ്പിച്ച ‘അലക്സ്’ എന്ന കഥാപാത്രം. ചിത്രത്തിൽ മമിതയുടെ ആഷ്‌ലി എന്ന കഥാപാത്രത്തെ എപ്പോഴും സംശയത്തോടെ കാണുന്ന ചൊറിയാൻ അമ്മാവനായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഈ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് വിനയ് ഫോർട്ട്.
ചിത്രത്തിൽ അത്രയ്ക്ക് സ്‌ക്രീൻ സ്‌പേസ് ഒന്നുമുള്ള കഥാപാത്രമല്ല, പക്ഷേ വളരെ പ്രോമിനന്റ് ആയിട്ടുള്ള കഥാപാത്രമാണ്. കഥ പറഞ്ഞ സമയത്ത് എന്നോട് പറഞ്ഞത്, ചിത്രത്തിന്റെ ക്ലൈമാക്‌സ് നടക്കുന്നത് ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് പറയുന്ന കുടുംബക്കൂട്ടായ്മയുടെ പരിപാടിക്കിടെയാണ് എന്നാണ്. അവിടെ ആ ഒരു ഏരിയയിൽ ചേട്ടൻ ഒരു പിച്ചക്കാരനായിട്ട് ഒരു ഏകാംഗ നാടകം അവതരിപ്പിക്കാൻ ഉണ്ടെന്നും പറഞ്ഞു. എനിക്ക് സിനിമയിൽ ആകെ ഒരു പതിനഞ്ച് ദിവസത്തെ ഷൂട്ട് മാത്രമേ പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ.
അപ്പോൾ ഞാൻ വിചാരിച്ചത് ഏതെങ്കിലും ഒരു ദിവസം മാത്രമായിരിക്കും ഈ പിച്ചക്കാരനായിട്ടുള്ള സീൻ ഉണ്ടാവുക എന്നായിരുന്നു. കൂടാതെ ഞാൻ അവതരിപ്പിച്ച ആ കഥാപാത്രം സിനിമയിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. അപ്പോൾ അതിൽ തന്നെ ഇങ്ങനെ ഒരു വെറൈറ്റി കൂടി ചെയ്യുമ്പോൾ നന്നായിരിക്കും എന്ന് വിചാരിച്ചു. പക്ഷേ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് പതിനഞ്ച് ദിവസമെടുത്താണ്. അങ്ങനെ പതിനഞ്ച് ദിവസവും ഞാൻ ശരീരം ഒക്കെ കറുപ്പിച്ച് പിച്ചക്കാരനായിട്ട് നിൽക്കേണ്ടി വന്നുവെന്നും വിനയ് ഫോർട്ട് പറഞ്ഞു.



