ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്; എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സി’ലെ രണ്ടാമത്തെ ഗാനം ശ്രദ്ധനേടുകയാണ്. ‘മധുമോഹിനി’ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് തനിഷ്ക് ബാഗ്ചി, അർസ്ലൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്നാണ്. സിദ്ധാർത്ഥ് ബസ്രൂറാണ് 5 ഭാഷകളിലുമുള്ള പതിപ്പുകൾക്ക് ശബ്ദം നൽകിയിരിക്കുന്നത്. പ്രമോദ് മറവാന്തെ, അർസ്ലാൻ നിസാമി, സയ്യിദ് മുറാദ് ഗിലാനി, രാമജോഗയ്യ ശാസ്ത്രി , വിഘ്നേഷ് ശിവൻ, രാജീവ് ഗോവിന്ദൻ എന്നിവരാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.
യഷും താര സുതാരിയയുമാണ് ഗാന രംഗത്ത് ഉള്ളത്. ഒപ്പം നയന്‍താരയും കിയാര അദ്വാനിയും ഏതാനും രംഗങ്ങളില്‍ എത്തുന്നുണ്ട്. യാഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. റായ എന്നാണ് യാഷിന്റെ കഥാപാത്ര പേര്. റെബേക്ക എന്ന കഥാപാത്രമായാണ് താര അവതരിപ്പിക്കുന്നത്. ഗംഗ എന്ന കഥാപാത്രമായി നയൻതാരയും എത്തുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിലെ ആദ്യഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്.
