റിയാദ്: ചെങ്കടലിൽ സൗദി അറേബ്യയുടെ കപ്പലിന് നേരെ ആക്രമണം. യമനിലെ ഹൂതി വിമതരാണ് ആക്രമിച്ചതെന്നാണ് സൂചന. കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ജീവനക്കാർ സുരക്ഷിതരാണ്. സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘എൻസെലിയ’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ചെങ്കടലിൽ സൗദി അറേബ്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂതി വിമതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
കപ്പലിന് നേരെ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. വാണിജ്യ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള കൺവെൻഷനുകളും നിയമങ്ങളും ലംഘിക്കുകയാണ് ആക്രമണകാരികൾ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുകയും ലംഘിക്കുന്നവർക്ക് നേരെ ഇറാൻ ആക്രമണം നടത്തുകയും ചെയ്യുന്നതിന് പിന്നാലെയാണ് ചെങ്കടലിൽ ഹൂതികളും ആക്രമണം ആരംഭിച്ചത്. ഇതോടെ ആഗോള തലത്തിൽ എണ്ണ വില കുതിച്ചുയരുകയാണ്.
