പാക് ചാരസംഘടനയ്ക്ക് പ്രതിരോധ രഹസ്യങ്ങൾ കൈമാറിയെന്ന കേസിൽ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ 31കാരൻ പ്രദീപ് മുഖർജിയെയാണ് ആന്ധ്രപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരിലെ ഐഎൻഎസ് അഗ്രണിയിൽ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. 2014ൽ നാവികസേനയിൽ ചേർന്ന പ്രദീപ്, വിശാഖപട്ടണം ആസ്ഥാനമായ ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പാക് വനിതാ ഇന്റലിജൻസ് ഏജന്റിന്റെ ഹണിട്രാപ്പിൽ ഇയാൾ കുടുങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിശാഖപട്ടണം നാവികതാവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ, കപ്പലുകളുടെ നീക്കങ്ങൾ, പ്രവർത്തന സംവിധാനങ്ങൾ എന്നിവ ഇയാൾ കൈമാറിയെന്നാണ് ആരോപണം.
കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ചോർന്ന വിവരങ്ങളുടെ സ്വഭാവവും വ്യാപ്തിയും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.



