പൂനെ കോടതിക്ക് മുന്നിൽ കൊലക്കേസ് പ്രതിക്ക് നേരെ വെട്ടും വെടിവെപ്പും; കൈപ്പത്തി വെട്ടിമാറ്റി അക്രമികൾ

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ കോടതിക്ക് മുന്നിൽ കൊലക്കേസ് പ്രതിക്കു നേരെ പട്ടാപ്പകൽ ക്രൂരമായ ആക്രമണം. ശിവാജിനഗർ ജില്ലാ കോടതി സമുച്ചയത്തിലെ നാലാം ഗേറ്റിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അരിവാളുകളും തോക്കുകളുമായി എത്തിയ അക്രമിസംഘം മന്ദർ മറുതി കിവാലെയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ ഒരു കൈപ്പത്തി വെട്ടിമാറ്റിയതായാണ് റിപ്പോർട്ട്. വെടിവെപ്പിലും ഇയാൾക്ക് പരിക്കേറ്റു.

കോടതിയിൽ നിയമനടപടികൾക്കായി എത്തിയപ്പോഴായിരുന്നു ആക്രമണം. ഇരുചക്രവാഹനങ്ങളിലെത്തിയ നാലുമുതൽ ആറുവരെ പേർ ഇയാളെ പിന്തുടർന്ന് ആക്രമിച്ചതായാണ് പ്രാഥമിക വിവരം. അക്രമികൾ സംഭവസ്ഥലത്തുനിന്ന് വാഹനങ്ങളിൽ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കിവാലെയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവസ്ഥലത്തുനിന്ന് രണ്ട് തോക്കുകളും വെടിയുണ്ടകൾ നിറച്ച മാഗസിനും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

2025 ഏപ്രിലിൽ പൂനെയിലെ കത്രജിൽ ഭൂമി, സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് ശുഭം സുഭാഷ് ചവാൻ എന്നയാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് കിവാലെ. കേസിൽ ജയിലിലായിരുന്ന ഇയാൾ നാല് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. പഴയ വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കോടതിക്ക് സമീപം പൊലീസ് സുരക്ഷയും സാന്നിധ്യവുമുള്ള സ്ഥലത്ത് നടന്ന ആക്രമണം നഗരത്തിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സംഭവത്തിൽ എൻസിപി നേതാവ് സുപ്രിയ സുലെ ഉൾപ്പെടെയുള്ളവർ പൂനെയിലെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് രംഗത്തെത്തി. അക്രമികളെ ഉടൻ പിടികൂടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *