ജാഫർ ഇടുക്കി നായകനായി ‘കിടുക്കാച്ചി അളിയൻ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, ചിത്രം ഡിസംബറിൽ തിയേറ്ററുകളിലേക്ക്

ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘കിടുക്കാച്ചി അളിയൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടി അനു സിത്താരയുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പോസ്റ്റർ പുറത്തുവിട്ടത്. കെ.എം. ബഷീർ പൊന്നാനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.

വർബ സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ് കുമാർ ആർ. ചിറയിൻകീഴ് ആണ് ചിത്രം നിർമ്മിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കുടുംബകഥയിൽ ഹ്യൂമറിനാണ് പ്രധാന്യം. കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. ചിറയിൻകീഴ്, മുട്ടപ്പലം ഗ്രാമപഞ്ചായത്ത്, പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

ജാഫർ ഇടുക്കി വിജയൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ധ്യാൻ ശ്രീനിവാസൻ, കരമന സുധീർ, സലീം ഹസൻ, ഉണ്ണിരാജ്, സണ്ണി നിലമ്പൂർ, ടോണി, ഉണ്ണിനായർ, അരിസ്റ്റോ സുരേഷ്, കോബ്ര രാജേഷ്, അൻസിബ ഹസ്സൻ, ലക്ഷ്മിപ്രിയ, കുളപ്പുള്ളി ലീല, സജിത ബേട്ടി, ലതാ ദാസ്, മായാ കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിരവധി പുതുമുഖങ്ങളും ബാലതാരങ്ങളും അണിനിരക്കുന്നു.

തോമസ് തോപ്പിൽക്കുടിയും കെ.എം. ബഷീർ പൊന്നാനിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പ്രദീപ് നായരാണ് ഛായാഗ്രഹണം. കപിൽ കൃഷ്ണ എഡിറ്റിങ്ങും സുരേഷ് നന്ദൻ പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു. സുരേഷ് നന്ദൻ, സമദ് പ്രിയദർശിനി, മിഥിലേഷ് ചോളക്കൽ എന്നിവരാണ് സംഗീതസംവിധായകർ.

ലീന മധുസൂദനൻ നായർ, ബീന പ്രമോദ്, ശ്രീജ രതീഷ് കുമാർ ആർ. എന്നിവരാണ് സഹനിർമ്മാതാക്കൾ. പ്രോജക്ട് ഡിസൈനർ സണ്ണി നിലമ്പൂർ, ആർട്ട് ഡയറക്ടർ സുബൈർ സിന്ദഗി, മേക്കപ്പ് രാജേഷ് രവി, കോസ്റ്റ്യൂം പ്രസാദ് നാരായണൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഷജിത്ത് തിക്കോടിയും രാജേഷ് നെയ്യാറ്റിൻകരയും പ്രൊഡക്ഷൻ കൺട്രോളർമാരാണ്.

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ‘കിടുക്കാച്ചി അളിയൻ’ ഡിസംബറിൽ തിയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *