മുഹമ്മദ് സിറാജിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ബിസിസിഐ

മുംബൈ: പേസർ മുഹമ്മദ് സിറാജിനെ ന്യൂസിലൻഡിനെതിരായ വെല്ലിംഗ്ടൺ ക്രിക്കറ്റ് ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ തള്ളി ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനങ്ങളുടെ പേരിൽ സിറാജിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് രാജിവ് ശുക്ല ആവശ്യപ്പെട്ടു.
മികച്ച പ്രകടനം നടത്തിയിട്ടും സിറാജിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് അദ്ദേഹത്തിന്‍റെ പേര് കാരണമാണെന്നും സെലക്ഷനിൽ വിവേചനമുണ്ടെന്നും കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് ആരോപിച്ചിരുന്നു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് രാഷ്ട്രീയ നിറം നൽകുന്നത് ശരിയല്ലെന്നും പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നത് ക്യാപ്റ്റന്‍റെയും കോച്ചിന്‍റെയും പൂർണ്ണ ഉത്തരവാദിത്തമാണെന്നും രാജീവ് ശുക്ല വ്യക്തമാക്കി. സിറാജ് കളിക്കാത്തതുകൊണ്ട് മാത്രമാണ് ടെസ്റ്റ് മത്സരം സമനിലയിലായതെന്ന് പറയാനാവില്ല. ഇത്തരം വിവാദങ്ങളിലേക്ക് സിറാജിനെ വലിച്ചിഴയ്ക്കരുതെന്നാണ് എന്‍റെ അഭിപ്രായം. സിറാജിനെക്കുറിച്ച് ഇത്തരത്തിലുള്ള പരാമർശങ്ങൾ പാടില്ല. ഇന്ത്യൻ സ്ക്വാഡിൽ അദ്ദേഹം അംഗമാണ്; ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുക എന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടമെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐയോട് രാജീവ് ശുക്ല പറഞ്ഞു.

വെല്ലിംഗ്ടൺ ടെസ്റ്റിൽ ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കാംബോജ് എന്നിവരടങ്ങുന്ന നാല് പേസർമാരെയാണ് ഇന്ത്യ അണിനിരത്തിയത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ കളിച്ചിരുന്ന സിറാജിന് ടെസ്റ്റ് ഇലവനിൽ ഇടം ലഭിച്ചില്ല. മത്സരം സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഈ വിഷയത്തിൽ വിശദീകരണം നൽകിയിരുന്നു. അതൊരു പ്രയാസമേറിയ തീരുമാനമായിരുന്നുവെന്നും സിറാജിനെ ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ഗിൽ പറഞ്ഞു. ബൗളർമാരുടെ നിലവിലെ ഫോമും ടീം കോമ്പിനേഷനും പരിഗണിച്ച് ഏറ്റവും മികച്ച ബൗളിംഗ് നിരയെയാണ് കളത്തിലിറക്കിയതെന്നായിരുന്നു ഗില്ലിന്‍റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *